തിരുവനന്തപുരം. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിന ചടങ്ങിനെ കേന്ദ്രീകരിച്ച് അനാവശ്യ വിവാദം ഇളക്കിവിടുന്നത് നിർഭാഗ്യകരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ പറഞ്ഞു..
ഭാരത മാതാ ചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചത് ഏതർത്ഥത്തിലാണ് ഭരണഘടനാ
വിരുദ്ധമാകുന്നതെന്ന് മനസ്സിലാവുന്നില്ല.ഭാരതം വെറും കല്ലും മണ്ണും വൃക്ഷലതാദികളും, നദികളും നിറഞ്ഞ പ്രതിഭാസമല്ല. അത് പരാശക്തിയാണെന്ന് അരവിന്ദ മഹർഷിയെ പോലെയുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഭാരത മാതാവിനെ ആവിഷ്കരിക്കുന്നത്
കലാകാരന്റെ ഭാവനയുടെ കൂടി പ്രശ്നമാണ്. ഭാരത മാതാവിനെ ആദ്യം ചിത്രീകരിച്ചവരിൽ ഒരാൾ അബനീന്ദ്ര നാഥ ടാഗോറാണ്.
ഭാരത മാതാവെന്ന സങ്കല്പത്തെ അംഗീകരിക്കാത്തവരുമുണ്ടാവാം. കേരള ഗവർണർ പക്ഷെ ആ ചിന്താധാരയുടെ പ്രതിനിധിയല്ല .ആ നിലയ്ക്ക് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമനുസരിച്ചുള്ള ഭാരത മാതാവിനെ ചടങ്ങിൽ വച്ച് പുഷ്പാർച്ചന നടത്തിയതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിന്റെ പ്രശ്നമാണെങ്കിൽ
ഗവർണർക്കും അദ്ദേഹത്തിൻറെ വിശ്വാസ പ്രമാണമുണ്ടാവും. രാജ് ഭവനിലെ ചടങ്ങിൽ ദേശീയ പതാക പ്രത്യേകം പ്രദർശിപ്പിച്ചിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ജന മനസ്സിൽ കാലുഷ്യം സൃഷ്ടിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |