ന്യൂഡൽഹി : 2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് ശക്തമായ അടിത്തറ പാകൽ ലക്ഷ്യമിട്ട് ദേശീയ സഹകരണ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2034ൽ ജി.ഡി.പിയിലേക്കുള്ള സഹകരണമേഖലയിലെ സംഭാവന മൂന്നിരട്ടിയാക്കാനാണ് ശ്രമം. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു മാതൃകാ സഹകരണ ഗ്രാമം രൂപീകരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്‌ടിക്കും. കർഷകർ, സ്ത്രീകൾ,ദളിതർ,ആദിവാസികൾ എന്നിവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
'ഭാരത്' ബ്രാൻഡിന് പ്രാമുഖ്യം നൽകും. എല്ലാ ജൈവ, കാർഷിക, പാൽ ഉത്പന്നങ്ങളും ഇതിനു കീഴിൽ കൊണ്ടു വരും. ഹരിതോർജ്ജം, സൗരോർജ്ജം തുടങ്ങിയവ മുഖേന ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കും. ക്ഷീര സഹകരണ സംഘങ്ങൾ വഴി ബയോഗ്യാസ് ഉത്പാദനം വർദ്ധിപ്പിക്കും. ജൈവ കൃഷി,സ്വാഭാവിക കൃഷി എന്നിവയ്‌ക്ക് പ്രാധാന്യം. തരിശു ഭൂമി ഫലഭുയിഷ്‌ഠമാക്കും. കയറ്രുമതിക്ക് ഒരു ജില്ലയിൽ നിന്ന് ഒരു ഉത്പന്നം ഉറപ്പാക്കും.
പരിധിയില്ലാത്ത ബിസിനസ്
അവസരങ്ങൾ
1. പ്രാഥമിക സഹകരണ സൊസൈറ്റികളെ മൾട്ടി പർപ്പസ് സൊസൈറ്റികളാക്കും. ജൻ ഔഷധി കേന്ദ്രം,കോമൺ സർവീസ് സെന്റർ,എൽ.പി.ജി വിതരണം,ഡീസൽ പെട്രോൾ പമ്പുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കും
2. എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ നൽകാൻ കഴിയുന്ന രീതിയിൽ സൊസൈറ്രികളെ പര്യാപ്‌തമാക്കും.
3. മൈക്രോ ഇൻഷ്വറൻസ്,മാലിന്യ നിർമ്മാർജനം,ട്രാൻസ്‌പോർട്ട് തുടങ്ങിയ മേഖലകളിലും സൊസൈറ്റികളുടെ സേവനം വിപുലീകരിക്കും
4.സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റീസ് നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി ഭേദഗതി ചെയ്യണം. സംസ്ഥാന തല ഡേറ്റ ബേസ് രൂപീകരിച്ച് ദേശീയ ഡേറ്റ ബേസുമായി സംയോജിപ്പിക്കണം
കേരളത്തിന്
ആശങ്ക
പ്രാഥമിക സംഘങ്ങൾ, ജില്ലാ - സംസ്ഥാന തല ഫെഡറേഷനുകൾ എന്നിവ നാഫെഡ്, കൃഷക് ഭാരതി , ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ എന്നിവയിൽ അംഗങ്ങളാകണമെന്ന നയത്തെ കേരളം ആശങ്കയോടെയാണ് കാണുന്നത്. പുതുതായി രൂപീകരിച്ച നാഷണൽ കോ -ഓപ്പറേറ്റീവ് ഓർഗാനിക്‌സ് , നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്സ് , ഭാരതീയ ബീജ് സഹകാരി സമിതി എന്നിവയിൽ അംഗങ്ങളാകുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രം പറയുന്നു. ഇത് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമെന്നാണ് സംസ്ഥാന സർക്കാർ സംശയിക്കുന്നത്. സഹകരണ ബാങ്കുകൾക്ക് പൊതു ബാങ്കിംഗ് സോഫ്റ്റ്‌വെയറെന്ന നയത്തോടും കേരളം അനുകൂലമല്ല.
രാജ്യത്ത് 8 ലക്ഷം
സൊസൈറ്റികൾ
1. 2 ലക്ഷം ക്രെഡിറ്റ് സൊസൈറ്രികൾ
2. 6 ലക്ഷം നോൺ ക്രെഡിറ്റ് സൊസൈറ്റികൾ
3. സഹകരണ മേഖലയിൽ 30 കോടി അംഗങ്ങൾ
4. പ്രാഥമിക കാർഷിക സഹകരണ സൊസൈറ്രികളിൽ 13 കോടി അംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |