തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രശ്നം വഷളാക്കിയത് കൃഷിവകുപ്പാണെന്ന് വിമർശിച്ച് ഗവർണറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിന്റെ ലേഖനം. നിലവിളക്കിനെയും ചിത്രത്തെയും വകുപ്പ് എതിർത്തു. പിന്നീട് നിലവിളക്കിനെതിരായ എതിർപ്പ് പിൻവലിച്ചെങ്കിലും ഭാരതാംബ ചിത്രത്തോടെ ആർ.എസ്.എസ് ബന്ധം പറഞ്ഞ് എതിർപ്പ് തുടർന്നു. ദേശീയപതാക കൈയിലേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കാമെന്നും പുഷ്പാർച്ചന നിർബന്ധമല്ലെന്നും രാജ്ഭവൻ അറിയിച്ചെങ്കിലും പരിപാടി റദ്ദാക്കുകയായിരുന്നു. വിഷയം കൃഷിമന്ത്രി രാഷ്ട്രീയവത്കരിച്ചു.
ആർലേക്കർ ഗവർണറായതോടെ, രാജ്ഭവനിലെ പരിപാടികൾക്ക് വിളക്കും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും ദേശീയഗാനം ആലപിക്കുന്നതും നിർബന്ധമാക്കിയിരുന്നു. രാജ്യത്തിന്റെ ഏകതയോടുള്ള ബഹുമാനമാണിത്. ഒരു വിവാദവുമില്ലാതെ പല ചടങ്ങുകളും നടത്തി.
പുഷ്പാർച്ചന പ്രോട്ടോക്കോൾ വിരുദ്ധമാണെന്ന് പരിപാടിയുടെ അന്ന് രാവിലെയാണ് സർക്കാർ അറിയിച്ചത്. ദേശീയ ചിഹ്നങ്ങളിൽ പുഷ്പാർച്ചന വിലക്കുന്ന പ്രോട്ടോക്കോളുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഭാരതമാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാവും? ദേശീയഗാനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കിൽ ചിത്രത്തിൽ പുഷ്പം അർപ്പിക്കുന്നതിൽ എന്താണ് തെറ്റ്?
ഭാരതാംബ സങ്കൽപ്പം ഏതെങ്കിലും സംഘടനയുടെ അജൻഡയുടെ ഭാഗമല്ല. കാവിക്കൊടിയും സിംഹവുമുള്ള ഭാരതാംബയുടെ ചിത്രത്തെ രാഷ്ട്രീയചിത്രമായി കുറച്ചുകാണുന്നത് ആ സങ്കൽപത്തിന്റെ ആത്മീയ ആഴം അവഗണിക്കുന്നതിനു തുല്യമാണ്. ഫ്രാൻസിന് മാരിയാനും ഗ്രീസിന് അഥീനയും പോലെ ഇന്ത്യയ്ക്ക് ഭാരതാംബയുണ്ട്. അത് ഭക്തിയുടെയും സമർപ്പണത്തിന്റെയും പ്രതീകമാണ്.
ദേശസ്നേഹത്തിന്റെ സാംസ്‌കാരിക പ്രകടനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത മനോഭാവമാണ് സർക്കാരിന്റേത്. ചടങ്ങ് ഉപേക്ഷിച്ചത് ദേശീയതയുടെ സാംസ്‌കാരിക ആവിഷ്‌കാരം അംഗീകരിക്കാനുള്ള വിമുഖതയാണ് പ്രകടമാക്കുന്നത്. ഭാരതാംബയെന്ന ആശയം തന്നെ ചിലർക്ക് അസ്വസ്ഥതയായി മാറുകയാണ്. രാജ്യത്തിന്റെ പ്രതീകങ്ങളെ പാർട്ടിപരമായ കണ്ണിലൂടെ കാണുന്നത് അവസാനിപ്പിക്കണമെന്നും ലേഖനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |