
കേരളത്തിലെ കടല്‍ത്തീരത്തിലെ ഏറ്റവും വലുപ്പമുള്ള പവിഴപ്പുറ്റ് കണ്ടെത്തി. ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ആഴക്കടല്‍ ഡൈവിംഗിലാണ് ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹത്തെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ തുമ്പ മുതല്‍ പുത്തന്‍തോപ്പ് വരെയുള്ള പ്രദേശത്താണ് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ പവിഴപ്പുറ്റ് സമൂഹത്തെ കണ്ടെത്തിയത്.
സംഘടനാ പ്രതിനിധിയും ആഴക്കടല്‍ ഡൈവറും സ്വതന്ത്ര ഗവേഷകനുമായ തിരുവനന്തപുരം വലിയതുറ സ്വദേശി റോബര്‍ട്ട് പനിപ്പിള്ളയുടെ നേതൃത്വത്തില്‍ മാര്‍ച്ചിലായിരുന്നു പവിഴപ്പുറ്റ് സമൂഹം കണ്ടെത്തിയത്. തീരത്തോട് ചേര്‍ന്നു രൂപപ്പെടുന്ന പവിഴപ്പുറ്റ് സമൂഹങ്ങള്‍ തിരുവനന്തപുരത്ത് മുന്‍പ് കോവളം, വിഴിഞ്ഞം തീരങ്ങളില്‍ മാത്രമായിരുന്നു കാണപ്പെട്ടിരുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രതിനിധി റോബര്‍ട്ട് പറഞ്ഞു.
കരയോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ എഫ്എംഎല്ലിന്റെ നേതൃത്വത്തില്‍ പലപ്പോഴും ആഴക്കടല്‍ പര്യവേക്ഷണം നടക്കും. തുമ്പ കടലില്‍ 22 മീറ്റര്‍ ആഴത്തിലാണ് മൂന്ന് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പവിഴപ്പുറ്റ് സമൂഹത്തെ കണ്ടെത്തിയത്. കടല്‍ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന പവിഴപ്പുറ്റ് സമൂഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണിപ്പോഴെന്നും റോബര്‍ട്ട് പറയുന്നു.
വിദേശ രാജ്യങ്ങളിലാണ് ഇത്തരം പവിഴപ്പുറ്റ് സമൂഹത്തെ കണ്ടെത്തുന്നതെങ്കില്‍ അവര്‍ അതിനെ സംരക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാറാണ് പതിവ്. എന്നാല്‍ നമ്മുടെ നാട്ടില്‍ അതേക്കുറിച്ച് വലിയ അവബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |