
കൽപ്പറ്റ: മുണ്ടക്കൈ ,ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസിന്റെ ആദ്യഘട്ട ഭൂമി രജിസ്‌ട്രേഷൻ പൂർത്തിയായി. മേപ്പാടി കുന്നമ്പറ്റയിലാണ് ഭൂമി ഏറ്റെടുത്തത്. കോഴിക്കോട് -ഊട്ടി അന്തർ സംസ്ഥാന പാതയിൽ നിന്നും 300 മീറ്റർ മാറി 3.24 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് പറഞ്ഞു. തറക്കല്ലിടൽ തീയതി കെ.പി.സി.സി പ്രഖ്യാപിക്കും. ഭൂമിയുടെ പ്ലാൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.മറ്റ് രണ്ട് സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും. ദുരന്തബാധിതർക്ക് മികച്ച സൗകര്യങ്ങളോടെ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകളാണ് നിർമ്മിക്കുക.
സർക്കാർ പുനരധിവാസ പദ്ധതിയിൽ നിന്നും സാങ്കേതികത്വത്തിന്റെപേരിൽ പുറത്താക്കപ്പെട്ട കുടുംബങ്ങളെയും ഉൾപ്പെടുത്തും. തോട്ട ഭൂമിയിൽ സർക്കാർ ടൗൺഷിപ്പ് പദ്ധതി നടപ്പിലാക്കുമ്പോൾ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകുന്നില്ല. ഇത് സർക്കാർ ദുരന്തബാധിതരോട് ചെയ്യുന്ന അനീതിയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. തോട്ടഭൂമിയിൽ സ്വകാര്യ മെഡിക്കൽകോളേജ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഇനിയെങ്കിലും ഇത്തരം പിടിവാശി സർക്കാർ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |