
തിരുവനന്തപുരം: താനൂരിൽ 22 പേരുടെ ജീവനെടുത്ത ബോട്ടിന്, എല്ലാ സുരക്ഷാ പരിശോധനകൾക്കും ശേഷം കുസാറ്റ് (കൊച്ചിൻ സർവകലാശാല) അംഗീകാര സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി മാരിടൈം ബോർഡിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 15 പേരുമായി മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പ് അനുമതി നൽകിയിരുന്ന ചെറിയ ബോട്ടാണ് പൊന്നാനിയിലെ യാർഡിൽ രൂപമാറ്റം വരുത്തി വിനോദ സഞ്ചാര ബോട്ടാക്കി മാറ്റിയത്.
മാരിടൈം ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയതിന് നിലവിലെ നിയമപ്രകാരം പതിനായിരം രൂപ പിഴയൊടുക്കാനും ലൈഫ് ജാക്കറ്റടക്കം സുരക്ഷാ സംവിധാനങ്ങളൊരുക്കാനും അപാകതകൾ പരിഹരിക്കാനും ബോർഡിന്റെ ആലപ്പുഴയിലെ സർവെയർ നേരത്തെ നിർദ്ദേശിച്ചിരുന്നു. മാരിടൈം ബോർഡിന്റെ അക്രഡിറ്റേഷനുള്ള യാർഡിലല്ല പുതുക്കിപ്പണിതത്, മുൻകൂർ അനുമതി നേടിയില്ല എന്നിങ്ങനെ ക്രമക്കേടുകളും കണ്ടെത്തി.
ബോട്ടിന്റെ ഡിസൈൻ, ഡ്രായിംഗ് ടെസ്റ്റുകൾ കുസാറ്റിലാണ് നടത്തിയത്. പഴയ ബോട്ടുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പുതുക്കിപ്പണിയാൻ അനുമതി നൽകാറുണ്ട്. ബോട്ടിൽ എത്രപേർക്ക് യാത്രചെയ്യാമെന്ന് ശാസ്ത്രീയമായി കണ്ടെത്തും. ഉദാഹരണത്തിന് 22പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ അത്രയും പേർ ഒരു വശത്ത് വന്നാലും ബോട്ട് ഏഴ് ഡിഗ്രിയിൽ കുറവു മാത്രമേ ചരിയാവൂ എന്നാണ് ചട്ടം. അന്താരാഷ്ട്ര നിലവാരത്തിൽ ഈ പരിശോധന നടത്തുന്നത് കുസാറ്റിലാണ്.
കുസാറ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ മാരിടൈം ബോർഡ് രജിസ്ട്രേഷനും ലൈസൻസും നൽകൂ. സുരക്ഷാ സംവിധാനങ്ങളൊരുക്കി വീണ്ടും അപേക്ഷിച്ചിരുന്നെങ്കിൽ ഒരുമാസത്തിനകം ഈ ബോട്ടിന് രജിസ്ട്രേഷൻ നൽകാനിരുന്നതാണ് മാരിടൈം ബോർഡ്. ബോട്ടിന് കുസാറ്റിന്റെ അനുമതി ലഭിച്ചിരുന്നതായി ബോർഡിലെ ഉന്നതൻ വ്യക്തമാക്കി.
കേന്ദ്രനിയമപ്രകാരം മുൻകൂർ അനുമതിയില്ലാതെ യാനങ്ങൾ പുനർനിർമ്മിക്കുന്നതിന് പരമാവധി പതിനായിരം രൂപയേ പിഴ ചുമത്താനാവൂ എന്നും താനൂരിലെ ബോട്ടുടമയ്ക്ക് പിഴയിട്ടത് ഇങ്ങനെയാണെന്നും ബോർഡ് വിശദീകരിച്ചു. ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്നാണ് ബോർഡിന്റെ അന്വേഷണത്തിലും കണ്ടെത്തിയത്. ദുരന്തമുണ്ടാക്കിയ ബോട്ടിൽ 37യാത്രക്കാരും ഡ്രൈവറടക്കം 2 ജീവനക്കാരുമുണ്ടായിരുന്നു. 21പേരെ കയറ്റാനായിരുന്നു അനുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |