
തൊടുപുഴ: ടിക്കറ്റ് വരുമാനത്തിൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവ്വകാല റെക്കോർഡിട്ടപ്പോൾ ആ നേട്ടത്തിന് ഒപ്പം ജില്ലയും. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നല്ല വരുമാനം കെ.എസ്.ആർ.ടി.സിക്കുണ്ട്. അഞ്ചാം തീയതി മാത്രം വരുമാനയിനത്തിൽ അരക്കോടിയോളം നേടിയാണ് വിവിധ ഡിപ്പോകൾ ഈ നേട്ടത്തിൽ പങ്കാളികളായത്. 45.39 ലക്ഷം നേടിയായിരുന്നു ഈ റെക്കാഡ്. ജില്ലയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് കുമളിയാണ്. രണ്ടാം സ്ഥാനത്ത് തൊടുപുഴ ഡിപ്പോയും. തൊടുപുഴ, കുമളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാർ ഡിപ്പോകളിൽ നിന്നാണ് ഇത്രയും വരുമാനം ഒറ്റ ദിവസംകൊണ്ട് നേടിയത്.172 ഷെഡ്യൂളുകളിൽ നിന്നായാണ് ഈ വരുമാനം. കട്ടപ്പന - 31, നെടുങ്കണ്ടം - 13, തൊടുപുഴ - 52, കുമളി - 43, മൂന്നാർ - 33 എന്നിങ്ങനെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഷെഡ്യൂളുകൾ ക്രമീകരിച്ചിരുന്നത്. 13.01 കോടിയാണ് സംസ്ഥാനതലത്തിൽ ഒറ്റ ദിവസത്തെ ടിക്കറ്റ്, ടിക്കറ്റിതര വരുമാനം.
ഡിപ്പോ, ടാർജറ്റ്, സമാഹരിച്ച തുക (ലക്ഷത്തിൽ)
കുമളി: 11 - 13.60
തൊടുപുഴ: 11.53 - 12.20
കട്ടപ്പന: 7.2 - 8.43
മൂന്നാർ: 8.5 - 7.38
നെടുങ്കണ്ടം: 4.22 - 3.78
കുമളിക്കും തൊടുപുഴയ്ക്കും നേട്ടം
ഉയർന്ന കളക്ഷൻ നേടിയ പട്ടികയിൽ കുമളി, തൊടുപുഴ ഡിപ്പോകൾ ഇടം നേടി. ആകെയുള്ള വരുമാനത്തിന്റെ പകുതിയിലധികവും ഈ രണ്ട് ഡിപ്പോകളും ചേർന്നാണ് നേടിയത്. കുമളി ഡിപ്പോ, ടാർജറ്റിനേക്കാൾ രണ്ടര ലക്ഷത്തിലധികം രൂപയാണ് നേടിയത്. ഡിപ്പോയുടെ ശരാശരി വരുമാനം ഒമ്പത് ലക്ഷമാണ്. പല ദിവസങ്ങളിലും ഇതിലും ഉയർന്ന കളക്ഷൻ നേടാറുണ്ട്. മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഇത്രയും തുക വർദ്ധിപ്പിക്കാൻ കാരണമെന്ന് എ.ടി.ഒ ജിതേഷ് ലാൽ പറഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ തൊടുപുഴ ഡിപ്പോയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം തുക ഒരു ദിവസത്തെ കളക്ഷനായി ലഭിക്കുന്നത്. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ കളക്ഷനായി പരിശ്രമിച്ച എല്ലാ ജീവനക്കാരെയും എ.ടി.ഒ മനേഷ് അഭിനന്ദിച്ചു.
സർവകാല റെക്കാഡ്
ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കാഡുമായി കെ.എസ്.ആർ.ടി.സി കുതിക്കുകയാണ്. കഴിഞ്ഞ അഞ്ചിന് ടിക്കറ്റ് വിൽപ്പനയിലൂടെ 12.18 കോടി രൂപയാണ് ലഭിച്ചത്. ടിക്കറ്റിതര വരുമാനത്തിലൂടെ 83 ലക്ഷവും ലഭിച്ചു. ആകെ 13.01 കോടിയാണ് വരുമാനം. മോഹൻലാൽ ബ്രാൻഡ് അംബാസിഡറാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമായാൽ വരുമാനം ഇനിയും കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |