
കൊല്ലം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയിൽ ആശ്വാസം. തേങ്ങയും കൊപ്രായും കൂടുതൽ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ 245 രൂപ മുതൽ 1 ലിറ്റർ വെളിച്ചെണ്ണ ലഭ്യമാണ്.
വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. കേരഫെഡിന്റെ വെളിച്ചെണ്ണയ്ക്ക് 360 രൂപയാണ്. ഓണക്കാലത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും കൊപ്രായുടെയും വില വലിയതോതിൽ ഉയർന്നിരുന്നു. വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി റെക്കാർഡിട്ടിരുന്നു. കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില.
ഇപ്പോൾ കൊപ്രയുടെ മൊത്തവില കുറഞ്ഞ് 220 രൂപയിലെത്തി. മൊത്തവിപണിയിൽ 35- 40 രൂപ വരെ ഉണ്ടായിരുന്ന പൊതിക്കാത്ത തേങ്ങ ഒന്നിന് 32 രൂപയും കിലോയ്ക്ക് 75 രൂപ ഉണ്ടായിരുന്ന പൊതിച്ച തേങ്ങയ്ക്ക് 60 രൂപയായും കുറഞ്ഞു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.
കോഴി ലഭ്യത കുറഞ്ഞു
ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും പിടിതരാതെ കുതിച്ചുയർന്ന് ചിക്കൻ വില. ജില്ലയിൽ ഇന്നലെ ഒരുകിലോ ചിക്കന്റെ വില 185 രൂപയായിരുന്നു. നാടൻ കോഴിക്ക് 220- 230 രൂപ വരെയാണ് ഈടാക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരാം. ക്രിസ്മസിന് 160 രൂപയായിരുന്നു വില. ക്രിസ്മസ് അടുപ്പിച്ച് എല്ലാവർഷവും വില അല്പം ഉയരുമെങ്കിലും ആദ്യമായാണ് ഇത്രയും വർദ്ധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. കോഴി ലഭ്യതയുടെ കുറവ് പറഞ്ഞാണ് വില കൂട്ടുന്നത്. എന്നാൽ വില കൂട്ടാൻ ചില ഫാമുകൾ പൂഴ്ത്തിവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.
കൊപ്ര ലഭ്യതയും തേങ്ങ ഉത്പാദനവും കൂടിയതാണ് വില കുറയാൻ കാരണം.
ഷമീർ, തേങ്ങ വ്യാപാരി
ആദ്യമായാണ് ഈ സമയത്ത് ചിക്കന് വില ഇത്രയും കൂടുന്നത്. ഡിമാൻഡ് വർദ്ധിച്ചത് വിപണിയിൽ കോഴി ലഭ്യത കുറച്ചു.
വൈശാഖ്, വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |