
തിരുവനന്തപുരം: ലോകത്ത് അസാധാരണമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെ രാജ്യത്ത് കടന്നുകയറി രാഷ്‌ട്രത്തലവനെ അമേരിക്കൻ സാമ്രാജ്യത്വം ബന്ധിയാക്കി. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനും ജനങ്ങളെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിക്കുകയാണ് അമേരിക്ക. ഈ നികൃഷ്ടമായ കടന്നുകയറ്റത്തിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരേണ്ടതുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'അമേരിക്ക ലോകത്താകെ നടത്തുന്ന സൈനിക കടന്നുകയറ്റത്തിന്റെ ചരിത്രം മനുഷ്യക്കുരുതിയുടേതാണ്. വിയറ്റ്‌നാം മുതൽ ഇറാഖുവരെയും സിറിയ മുതൽ ലിബിയ വരെയും ലാറ്റിനമേരിക്കയാകെയും ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെയാണ് അമേരിക്ക കൊന്നൊടുക്കിയത്. ഇതിനായി ആണവായുധങ്ങളും രാസായുധങ്ങളും ഉപയോഗിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് ഭരണമാറ്റം അടിച്ചേൽപ്പിക്കാൻ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങൾ നടത്തുന്നു.
ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് ലോകത്തെ മറ്റേതൊരു രാജ്യത്തും സംഭവിക്കാം എന്നത് ആശങ്കപ്പെടുത്തേണ്ട വിഷയമാണ്. പഹൽഗാമിൽ പാകിസ്ഥാനി ഭീകരർ ആക്രമണം നടത്തിയപ്പോൾ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നിൽക്കാനും ഇന്ത്യ മറ്റ് രാജ്യങ്ങളുടെ പിന്തുണതേടി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ഐക്യദാർഢ്യം ഉറപ്പിക്കാനാണ് ഇന്ത്യയിൽ നിന്ന് പ്രതിനിധി സംഘങ്ങളെ വിദേശരാജ്യങ്ങളിലേയ്ക്ക് അയച്ചത്.
അന്നുനാം ആഗ്രഹിച്ച രാജ്യാന്തര പിന്തുണയ്ക്ക് വെനസ്വേലയുടെ ജനങ്ങൾക്കും അവകാശമുണ്ട്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സാമ്രാജ്യത്വ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസാരവത്കരിക്കാനും അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ അമേരിക്കയുടെ പേരുപോലും പരാമർശിച്ചിട്ടില്ല. ഓരോദിവസവും ഇന്ത്യയെ അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസും അതേ വഴിയിലാണ്'- മുഖ്യമന്ത്രി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |