പാലക്കാട്: സാക്ഷര കേരളത്തിൽ വീണ്ടും ആദിവാസിക്ക് പൈശാചിക പീഡനം. വിവസ്ത്രനാക്കി പോസ്റ്റിൽകെട്ടിയിട്ടാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ മൃഗീയമായി തല്ലിയത്.
കല്ലിൽതട്ടി കാലു തെറ്റി വീണ യുവാവ്
വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് ക്രൂരത. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജു (20)വാണ് ഇരയായത്. മാരകമായി പരിക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സതേടി. സംഭവം നടന്ന് മൂന്നുദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിക്കുന്നു.
24ന് അഗളി ചിറ്റൂർ കട്ടേക്കാട് നടന്ന സംഭവം ഇന്നലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിന് മുന്നിലേക്ക് ഷിജു കല്ലിൽതട്ടി വീഴുകയായിരുന്നു. മനഃപൂർവം ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദ്ദിച്ചു. നിലതെറ്റിയ ഷിജു കല്ലെടുത്തെറിഞ്ഞു. വാഹനത്തിന്റെ ചില്ല് തകർന്നു. പിന്നാലെ,ഡ്രൈവറും ക്ലീനറും ഷിജുവിനെ റോഡിലൂടെ വലിച്ചിഴച്ചു. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു. വീണ്ടും തല്ലിയശേഷം വാഹനം ഓടിച്ചുപോയി. ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയർ മുറുകിയതിന്റെ പാടുകൾ ഉൾപ്പെടെ ശരീരത്തിലുണ്ട്.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ അഗളി പൊലീസ് ഷിജുവിന്റെ മൊഴി രേഖപ്പെടുത്തി. അക്രമിച്ച ഡ്രൈവറെയും ക്ലീനറെയും അറിയില്ലെന്നും മുമ്പ് കണ്ടിട്ടില്ലെന്നും ഷിജു പറഞ്ഞു. മദ്യലഹരിയിൽ വാഹനം തടയുകയും കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തുവെന്നാരോപിച്ച് പിക്കപ്പ് വാൻ ഉടമ ജിംസണും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിജു പിക്കപ്പ് വാഹനത്തിന്റെ കണ്ണാടി തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.
രണ്ടുമണിക്കൂർ നീണ്ട മർദ്ദനം
രണ്ടു മണിക്കൂർ നീണ്ട മർദ്ദനത്തിൽ കൈയ്ക്കും മുതുകിനും പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി.
ഓർമ്മയിൽ ആദിവാസി മധു
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള ഓർമ്മ മാഞ്ഞിട്ടില്ല. അതിന്റെ മറ്റൊരു മുഖമാണ് ഷിജു നേരിട്ട പീഡനം. 24ന് കോട്ടത്തറ ആശുപത്രി അധികൃതർ സംഭവം പൊലീസിൽ അറിയിച്ചെങ്കിലും കേസെടുക്കാനോ മൊഴിയെടുക്കാനോ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വിവാദമായ ശേഷമാണ് മൊഴിയെടുത്തത്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |