കണ്ണൂർ: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്. ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോൾ ഇയാൾ ഉണ്ടായിരുന്നില്ലെന്ന് ജയിൽ അധികൃതർ പ്രതികരിച്ചു.
ഇന്ന് പുലർച്ചെ 1.15ഓടെയാണ് ജയിൽ ചാടിയതെന്നാണ് വിവരം. രാവിലെ ഏഴ് മണിയോടെയാണ് അധികൃതർ വിവരമറിഞ്ഞത്. പത്താം ബ്ലോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ജയിലിലെ സെല്ല് മുറിച്ച് പുറത്തുകടന്നു. ശേഷം തുണി ചേർത്തുകെട്ടി വടമാക്കിയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് സൂചന. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വെള്ള ഷർട്ട് ധരിച്ചുനിൽക്കുന്ന പ്രതിയുടെ പുതിയ ചിത്രവും ജയിൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജയിൽ ഡിജിപി അടക്കമുള്ളവർ ജയിലിലെത്തിയിട്ടുണ്ട്. പൊലീസ് പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തിവരികയാണ്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി യുവതിയെ ബലാത്സംഗം ചെയ്‌തത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വനിതാ കമ്പാർട്ട്‌മെന്റിൽ തനിച്ചുണ്ടായിരുന്ന യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഗോവിന്ദച്ചാമി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.
തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും അറിയപ്പെടുന്നു. തമിഴ്നാട്ടിൽ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |