
തിരുവനന്തപുരം: ജാതി അധിക്ഷേപ പരാതിയിൽ കേരള സർവകലാശാല സംസ്‌കൃതവകുപ്പ് മേധാവി ഡോ.സി.എൻ.വിജയകുമാരിക്കെതിരെ കേസെടുത്തു. ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന്റെ പരാതിയിൽ എസ്.സി,എസ്.ടി നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. സംസ്‌കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു ആക്ഷേപം. ജാതി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് വിദ്യാർത്ഥിയുടെ മൊഴി. കേരള സർവകലാശാല ഓറിയന്റൽ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി.എൻ.വിജയകുമാരി.
ഒക്ടോബർ 5ന് വിപിന്റെ പ്രബന്ധത്തെകുറിച്ചുള്ള ഒപ്പൺഡിഫൻസ് നടന്നിരുന്നു. എന്നാൽ മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്റെ പി.എച്ച്.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസിലർക്ക് കത്തു നൽകി. ഇതിന് പിന്നാലെ ജീവിതം വഴുതിപ്പോകുന്നു, ജാതിവിവേചനത്തിന്റെ അട്ടഹാസങ്ങൾകേൾക്കാം എന്ന് ഫെയ്സ്ബുക്കിലൂടെ വിപിൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സംസ്‌കൃതത്തിൽ എം.എ, ബി.എഡ്, എം.എഡ്, എം.ഫിൽ ബിരുദങ്ങൾ നേടിയ വ്യക്തിയാണ് വിപിൻ. എം.ഫിൽ പ്രബന്ധം ഡോ.വിജയകുമാരിയുടെ തന്നെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്.
പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി വിപിൻ ആരോപണം ഉന്നയിച്ചിരുന്നു.
ജാത്യധിക്ഷേപം:നടപടിയെടുക്കേണ്ടത്
സർവകലാശാലയെന്ന് മന്ത്രി ബിന്ദു
തൃശൂർ: കേരള സർവകലാശാലയിൽ സംസ്‌കൃത ഗവേഷണവിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യധിക്ഷേപം നടത്തിയ സംഭവത്തിൽ അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്മന്ത്രി ഡോ.ആർ.ബിന്ദു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.സിക്കും രജിസ്ട്രാർക്കും കത്ത് നൽകി. ഈ സംഭവം സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ട് . അനാവശ്യ വിവാദങ്ങളിലേക്ക് സർവകലാശാലയെ തള്ളിവിടുകയാണ്. നാക് അക്രഡിറ്റേഷനിൽ ഡബിൾ എ പ്ലസും സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ അഞ്ചാം സ്ഥാനവും നേടി ഒന്നാം നിരയിൽ നിലകൊള്ളുന്ന സർവകലാശാലയിൽ ഇത്തരം സംഭവമുണ്ടായത് ഉന്നതവിദ്യാഭ്യാസ രംഗത്തിന് ദുഷ്പേരുണ്ടാക്കുന്നതാണ്. ആരോപണ വിധേയയായ ഫാക്കൽറ്റി അംഗം ദൃശ്യമാദ്ധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്ന് വൈസ് ചാൻസലർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയതായും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |