തിരുവനന്തപുരം: ഞായറാഴ്ച മന്ത്രി ജി.ആർ.അനിൽ പങ്കെടുത്ത പരിപാടിയിൽ ആളു കുറഞ്ഞതിന് 17 ഉദ്യോഗസ്ഥർക്കു ചാർജ് മെമ്മോ. അന്യ സംസ്ഥാന തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് അനുവദിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം 15ന് പോത്തൻകോട് മന്ത്രി നിർവഹിച്ചിരുന്നു.
ഈ ചടങ്ങിൽ പങ്കെടുക്കാത്തതിനാണ് കാട്ടാക്കട, വർക്കല, ചിറയിൻകീഴ് താലൂക്ക് ഓഫീസുകളിലെയും നോർത്തിലെയും സൗത്തിലെയും സിറ്റി റേഷനിംഗ് ഓഫിസുകളിലെയും 17 റേഷനിംഗ് ഇൻസ്പെക്ടർമാർക്ക് ജില്ലാ സപ്ലൈ ഓഫീസർ വിശദീകരണം തേടി നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കം കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുണ്ട്.
ജില്ലയിലെ മുഴുവൻ റേഷൻ ഇൻസ്പെക്ടർമാരും പങ്കെടുക്കണമെന്ന് രണ്ടു ദിവസം മുൻപ് വാട്സാപ്പിൽ ശബ്ദസന്ദേശമാണു നൽകിയത്. ചടങ്ങ് തിരുവനന്തപുരം താലൂക്കിലായതിനാൽ അവിടത്തെ ഉദ്യോഗസ്ഥർക്കായിരുന്നു നടത്തിപ്പ് ചുമതല. ഞായറാഴ്ചയായതിനാൽ മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ പലരും എത്തിയില്ല. ഇതാണു അധികൃതരെ ചൊടിപ്പിച്ചത്.
അന്യ സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്ന അറിവ് ലഭ്യമാക്കുന്നതിനായി വിവിധ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയത്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്കോ അംഗങ്ങൾക്കോ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും അവരുടെ റേഷൻ വിഹിതം കൈപ്പറ്റാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലാണ് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |