
ഓക്ലൻഡ്: സിഖ് സമൂഹത്തിന്റെ വാർഷിക കായികമേളയ്ക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ആവേശം പകർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓക്ലൻഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നേരിട്ടെത്തി പങ്കെടുക്കുകയായിരുന്നു. സിഖുകാരുടെ കായിക വിനോദങ്ങളിൽ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന കാര്യങ്ങളിലും അദ്ദേഹം ഏർപ്പെട്ടു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹം ജിലേബി ഉണ്ടാക്കാൻ ശ്രമിച്ച രംഗമായിരുന്നു. തകാനികി എംപി റിമ നാഖ്‌ലെയ്‌ക്കൊപ്പമാണ് ലക്സൺ പരിപാടിയിൽ പങ്കെടുത്തത്.
കായിക താരങ്ങളെ കണ്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് വലിയൊരു ചീനച്ചട്ടിക്ക് പിന്നിൽ നിന്ന് ചൂടുള്ള എണ്ണയിലേക്ക് മാവൊഴിച്ച് അദ്ദേഹം ജിലേബി ഉണ്ടാക്കിയത്. ഇത് കണ്ട് ആർപ്പുവിളിച്ച സിഖുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
അതേസമയം ജിലേബി ഉണ്ടാക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റഫർ ലക്സൺ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു. മത്സരിക്കുന്ന എല്ലാവർക്കും താൻ ഉണ്ടാക്കിയ ജിലേബി കഴിച്ചവർക്കും ആശംസകൾ നേർന്നു. എന്തായാലും പ്രധാനമന്ത്രിയുടെ ജിലേബി പാചകം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂളായ പ്രധാനമന്ത്രി എന്നിങ്ങനെയുള്ള ഒട്ടേറെ കമന്റുകളാണ് വന്നത്. കബഡി, ക്രിക്കറ്റ്, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഹോക്കി തുടങ്ങി നിരവധി കായിക മത്സരങ്ങൾ നടന്ന ചടങ്ങിൽ, സിഖ് പാരമ്പര്യ കലകളായ ഗട്ക (മാർഷ്യൽ ആർട്സ്), തലപ്പാവ് കെട്ടൽ മത്സരം, ഭാങ്ഗ്ര നൃത്തം എന്നിവയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |