
കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് അവകാശമില്ലെന്നാണ് പാലാ സബ് കോടതി നിരീക്ഷിച്ചത്. സംസ്ഥാന സർക്കാരും ഗോസ്പൽ ഫോർ ഏഷ്യയും (അയന ചാരിറ്റബിൾ ട്രസ്റ്റ്) തമ്മിലുള്ള കേസിലായിരുന്നു കോടതി വിധി.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ ഏപ്രിൽ 25ന് പ്രസിദ്ധീകരിച്ചതായിരുന്നു വിജ്ഞാപനം. വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കർ മതിയെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിൾട്രസ്റ്റാണ് കൈവശം വെച്ചിരിക്കുന്നത്. അയന കൈവശം വച്ചിരിക്കുന്ന 2570 ഏക്കർ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ സർക്കാരിന്റെ സ്വന്തമാണെന്നു കാട്ടി മുൻ കോട്ടയം കളക്ടറാണ് കോടതിയെ സമീപിച്ചത്. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ച്, ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ നിർണായക വ്യവസ്ഥ ഒഴിവാക്കിയതിലെ നിയമപരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്.
കൊച്ചി രാജ്യാന്തര വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം 700 ഏക്കറിലുമാണ്. ഈ സാഹചര്യത്തിൽ, കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകേണ്ട ശബരിമലയ്ക്ക് 2570 ഏക്കർ എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല, ഭാവി വികസനത്തിനാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നു സർക്കാർ വാദിച്ചെങ്കിലും വികസന പദ്ധതികൾ എന്തൊക്കെയാണെന്നോ എത്ര ഭൂമി വേണമെന്നോ വിശദീകരിക്കാനായില്ല തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |