കൊച്ചി: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിനെത്തുടർന്ന് തനിക്കെതിരെ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളം നൽകിയ ഹർജി ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി 27 ലേക്ക് മാറ്റി. അതുവരെ ഹർജിക്കാരന് മതിയായ പൊലീസ് സംരക്ഷണം നൽകാൻ കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശം നൽകി.
ചിന്താ ജെറോം രണ്ടു വർഷത്തോളം കൊല്ലത്തെ റിസോർട്ടിൽ താമസിച്ച സംഭവത്തിൽ ഇവരുടെ വരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ റിസോർട്ട് ഉടമ 15ന് വധഭീഷണി മുഴക്കിയെന്നും ഇതിനെതിരെ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും സംരക്ഷണം നൽകാൻ തയാറായില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |