തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റൽ പണിഷ്‌മെന്റ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ആരും കാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത ജെറോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വിഎസിന്റെ തട്ടകമായ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഒരു മാദ്ധ്യമത്തിന് നൽകിയ ഓർമ്മക്കുറിപ്പിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
'ഒറ്റപ്പെട്ടപ്പോഴും വിഎസ് പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വിഎസ് നയം. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്ന് വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല'- എന്നാണ് ഓർമ്മക്കുറിപ്പിൽ സുരേഷ് കുറുപ്പ് പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |