കൊച്ചി: ആരോഗ്യകരമല്ലാത്ത ഭക്ഷണ, ജീവിതരീതി കാരണം ഫാറ്റിലിവർ ബാധിതർ ക്രമാതീതമായി കൂടുന്നു. ഇതു പരിഗണിച്ച് സർക്കാർ ആശുപത്രികളിൽ സൗജന്യ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കും. ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമാവും ക്ളിനിക്കുകൾ. കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി സൗജന്യ ചികിത്സ നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾ, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാകും ക്ലിനിക്കുകൾ.
കരൾ, ഗാസ്ട്രോ എന്ററോളജി വിഭാഗങ്ങൾ ചേർന്നതാകും ക്ലിനിക്ക്. തിരൂരിൽ പ്രവർത്തന സജ്ജമായി. എറണാകുളത്തേതും തിരുവനന്തപുരത്തേതും അന്തിമഘട്ടത്തിലാണ്. ഡയഗ്‌നോസ്റ്റിക് മെഷീനുകൾ, സ്‌കാനിംഗ് മെഷീനുകൾ, ബ്ലഡ് ടെസ്റ്റിംഗ് സെന്ററുകൾ എന്നിവ കളിനിക്കിലുണ്ടാകും. മൂന്ന് കോടി രൂപയാണ് ഒരു ക്ളിനിക്കിന് ചെലവ് കണക്കാക്കുന്നത്. ഒരു ഡോക്ടറുടെയും മൂന്ന് നഴ്‌സുമാരുടെയും സേവനമാണ് ആദ്യഘട്ടത്തിലുണ്ടാകുക.
ഫാറ്റി ലിവർ ലക്ഷണങ്ങൾ
അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വയറിലെ അമിതമായ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം
കാരണങ്ങൾ
1 വ്യായാമക്കുറവ്
2 അമിത മദ്യപാനം
3 ഭക്ഷണത്തിലെ ശ്രദ്ധക്കുറവ്
(മധുരം, കൊഴുപ്പ്, വറുത്ത പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്ഡുകൾ എന്നിവയുടെ അമിത ഉപയോഗവും ഫാറ്റി ലിവറിലേക്ക് നയിക്കും )
രോഗനിർണയം
രക്തപരിശോധനയിലൂടെ
കരൾ ഇമേജിംഗ്: സി.ടി സ്‌കാൻ, എം.ആർ.ഐ അല്ലെങ്കിൽ അൾട്രാസൗണ്ട് സ്‌കാൻ
കരൾ ബയോപ്സി: രോഗത്തിന്റെ തീവ്രത നിർണയിക്കാൻ കരളിൽ നിന്ന് ഒരു ടിഷ്യു എടുത്ത് പരിശോധന
ഹെപ്പാറ്റിക് എലാസ്റ്റോഗ്രാഫി ഫൈബ്രോസ്‌കാൻ: കൊഴുപ്പിന്റെ അളവ്, കരൾ തകരാറിന്റെ അളവ് എന്നിവയുടെ പരിശോധന
ഫാറ്റിലിവർ നേരത്തെ കണ്ടെത്തി ജീവിത ശൈലീ വ്യതിയാനം വരുത്തിയാൽ ഭാവിയിൽ വരാവുന്ന പല സങ്കീർണ ആരോഗ്യ പ്രശ്‌നങ്ങളെയും അകറ്റി നിറുത്താം
ഡോ. രാജീവ് ജയദേവൻ
റിസർച്ച് സെൽ കൺവീനർ, ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |