
തൃശൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷം 29 മുതൽ ജനുവരി 4 വരെ വിവിധ പരിപാടികളോടെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് രാവിലെ 10ന് തൃശൂർ ജവഹർ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,മന്ത്രിമാരായ കെ.രാജൻ,ഡോ.ആർ.ബിന്ദു,കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ മുഖ്യാതിഥികളാകും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.വീണ.എൻ.മാധവൻ അദ്ധ്യക്ഷത വഹിക്കും.
കണ്ണൂർ മുതൽ തൃശൂർ വരെയുള്ള സഹകാരികൾ ഉദ്ഘാടന സമ്മേളനത്തിലും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ളവർ സമാപന സമ്മേളനത്തിലും പങ്കെടുക്കുമെന്ന് സഹകരണ യൂണിയൻ ചെയർപേഴ്‌സൺ കോലിയക്കോട് കൃഷ്ണൻ നായർ അറിയിച്ചു.
ജനുവരി 4ന് ആലപ്പുഴയിലെ പുന്നമട വള്ളംകളി ഫിനിഷിംഗ് പോയിന്റ് റമദാൻ ഹോട്ടൽ അങ്കണത്തിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ്, എം.പിമാരായ കെ.സി.വേണുഗോപാൽ,കൊടിക്കുന്നേൽ സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 30 മുതൽ ജനുവരി 3 വരെ കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്ക് മുൻപിലും പതാക ഉയർത്തുന്നതോടൊപ്പം വിവിധ സെമിനാറുകളും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |