SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.17 PM IST

പിണറായി വീണ്ടും മുഖ്യമന്ത്രിയാകും : മണിശങ്കർ അയ്യർ

Increase Font Size Decrease Font Size Print Page
a

മുതിർന്ന കോൺ.നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , സംസ്ഥാന കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമെന്നായിരുന്നു പരാമർശം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു അയ്യരുടെ പരാമാർശം. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മണിശങ്കർ അയ്യർക്ക് മുഖ്യമന്ത്രി ഹസ്തദാനം നൽകി. സംസ്ഥാന കോൺഗ്രസ് നേതാക്കളെ പരോക്ഷമായി മണിശങ്കർ അയ്യർ വിമർശിച്ചു. ദേശീയ പ്രാധാന്യമുള്ള സംസ്ഥാന സർക്കാരിന്റെ ചടങ്ങിൽ എന്റെ പാർട്ടിയിലെ സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയർത്താൻ അധികമാരും അവശേഷിക്കുന്നില്ല. കോൺഗ്രസ് കൈവിട്ട ആ ദൗത്യം പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ലക്ഷ്യത്തിൽ യഥാർത്ഥ പുരോഗതി കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം മാർക്‌സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നത് കൗതുകകരമാണ്. ത്രിതല പഞ്ചായത്തീരാജ് ഭരണ നിർവഹണത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. നിയമത്തിന്റെ കാര്യത്തിൽ രണ്ടാമതാണ്. ആവശ്യമായ ഭേദഗതികൾ വരുത്തി നിയമത്തിലും ഒന്നാമതാകണം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചു. പഞ്ചായത്തീരാജ് സംവിധാനത്തിൽ മുൻ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ പങ്കിനെയും മണിശങ്കർ അയ്യർ പരാമർശിച്ചു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY