SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.37 AM IST

കേരളകൗമുദി വാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി: ക്ഷേമപെൻഷൻ: സർക്കാർ നൽകിയത് 16,730 കോടി

pension

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനായി ഇൗ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നൽകിയത് 16,730.67 കോടിയാണെന്നും സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനർഹരെ ഒഴിവാക്കുന്നത് കൂടുതൽ അർഹരെ ഉൾപ്പെടുത്താനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 'ക്ഷേമപെൻഷൻ അർഹതയില്ലാതെ വാങ്ങുന്നവർ 7 ലക്ഷം' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ നൽകിയ മുഖ്യവാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പോലും, കേന്ദ്രവിഹിതം ലഭിക്കാതിരുന്നിട്ടും 2021ജനുവരി മുതൽ എൻ.എസ്.എ.പി (നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം) ഗുണഭോക്താക്കൾ ഉൾപ്പെടെ അർഹതയുള്ളവർക്കെല്ലാം മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു.

എൻ.എസ്.എ.പി ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം തുടർന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്റ്റ്‌‌വെയറിനെ പി.എഫ്.എം.എസുമായി ബന്ധിപ്പിച്ചതോടെയാണ് സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.

സാമൂഹ്യ സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്വമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും, പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണംചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാൻ എൽ.ഡി.എഫ് സർക്കാരിനാകുന്നു. എന്നാൽ, സാധാരണക്കാർക്ക് ഉപകാരപ്രദമായ ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബി.ജെ.പിയും ശ്രമിക്കുന്നത്.

സംസ്ഥാന സർക്കാർ നൽകുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാപെൻഷനുകളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 6,88,329 പേർക്കു മാത്രമാണ് കേന്ദ്രസഹായം ലഭിക്കുന്നത്. ഇത്രയും പേരിൽ വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്ന 80 വയസിനു മുകളിലുള്ളവർക്ക് 500രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്രവിഹിതം. ഇവർക്കെല്ലാം ഒരോമാസവും ലഭിക്കുന്ന 1600 രൂപയിൽ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിൽതന്നെ 2021ജനുവരി മുതൽ സംസ്ഥാന സർക്കാർ വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്ര വിഹിതമായ 463.96 കോടി ഇതുവരെ ലഭിച്ചിട്ടില്ല.

 കഴിഞ്ഞ സർക്കാർ ചെലവിട്ടത് 30,054 കോടി

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷനുകൾക്കായി ചെലവഴിച്ചത് 9,311.22കോടിയായിരുന്നു. കഴിഞ്ഞ ഇടതുസർക്കാർ ചെലവഴിച്ചതാകട്ടെ 30,054.64 കോടിയും. ഗുണഭോക്താക്കളുടെ എണ്ണം 34,43,414ൽ നിന്ന് 49,85,861 ആയി ഉയർന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പെൻഷൻ തുക 300 രൂപയിൽ നിന്ന് 525 രൂപയായി ഉയർത്തി. ആ സർക്കാർ ആകെ കൊണ്ടുവന്ന വർദ്ധനവ് വെറും 225രൂപ. 19മാസത്തെ കുടിശികയായി 1473.2കോടി ഗുണഭോക്താക്കൾക്ക് കൊടുത്തു തീർത്തത് തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാരാണ്. കഴിഞ്ഞ ഇടതു സർക്കാർ എല്ലാ പെൻഷനുകളും 1000 രൂപയാക്കി ഉയർത്തി. 2017ൽ അത് 1100 രൂപയായും 2019ൽ 1200ആയും 2020ൽ 1400ആയും വർദ്ധിപ്പിച്ചു. നിലവിൽ അത് 1600 രൂപയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.