തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ അമ്മ രംഗത്ത്. ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവർ എങ്ങനെ കണ്ടുവെന്ന് അമ്മ ചോദിക്കുന്നു. അക്കാര്യത്തിൽ അവർ കൃത്യമായി മറുപടി നൽകണമെന്നും അമ്മ പറയുന്നു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അമ്മയുടെ പ്രതികരണം.
'രണ്ട് പാർട്ടിക്കാരുടെയും ഭാഗത്ത് തെറ്റുള്ളപ്പോൾ മകനെ മാത്രം പരിശോധിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കി. അവർ ഒരു വിവാഹപാർട്ടി കഴിഞ്ഞാണ് വരുന്നത്. അവരെ എന്തുകൊണ്ട് പരിശോധിച്ചില്ല. മകൻ കൊടുത്ത പരാതി മാത്രം സ്വീകരിക്കാതെ അവരുടെ പരാതി സ്വീകരിച്ചു. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയാണെന്നാണ് പറയുന്നത്. അവർ നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ചോദിക്കുക. അവർ ഒരു മേയറായി ഇരുന്നുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത്. മകൻ ഇതുവരെ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടല്ല'- അമ്മ പറഞ്ഞു.
അതേസമയം, ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്. എന്നാൽ, മേയറെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി അധികൃതർ.
സംഭവത്തിൽ മന്ത്രി കെബി ഗണേശ്കുമാർ ഇടപെട്ട് അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് കൈമാറി. എന്നാൽ, സിപിഎം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബിഎംഎസും, കോൺഗ്രസ് അനുകൂല സംഘടനായ ടിഡിഎഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |