തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം കോളേജുകൾക്ക് നൽകിയ കേരള സർവകലാശാലയിലെ കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടർ കത്ത് തിരുത്തി നൽകിയ ശേഷം രാജികത്ത് സമർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദ്ദേശമനുസരിച്ച് കോളേജുകൾക്ക് കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടർ ഡോ.വി.ബിജു ആദ്യം കത്ത് നൽകിയിരുന്നു. ഓഗസ്റ്റ് 11നായിരുന്നു ഇത്. എന്നാൽ മുഖ്യമന്ത്രിയടക്കം ഗവർണറുടെ നിർദ്ദേശത്തിനെതിരെ പ്രതികരിച്ചതോടെയാണ് തിരുത്തിയ കത്ത് ഇന്ന് ഡോ.ബിജു നൽകിയത്.
ഗവർണറുടെ നിർദ്ദേശപ്രകാരം ദിനാചരണം നടത്തണമെന്നായിരുന്നു ആദ്യം സർക്കുലർ നൽകിയിരുന്നത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ദിനാചരണത്തെ കുറിച്ച് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം തീരുമാനമെടുത്താൽ മതിയെന്ന് കത്ത് നൽകിയ ശേഷം അദ്ദേഹം രാജിസന്നദ്ധത വ്യക്തമാക്കി വി.സി മോഹനൻ കുന്നുമ്മലിന് കത്ത് നൽകുകയായിരുന്നു.
ഇതോടെ ഗവർണറുടെ നിർദ്ദേശം നടപ്പാക്കുന്നത് സംബന്ധിച്ച് കേരള സർവകലാശാലയിൽ ആശയകുഴപ്പം ഉണ്ടായതായി വ്യക്തമായിരിക്കുകയാണ്. ചാൻസലറായ ഗവർണറുടെ കത്തിന് കേരള വി സി ഡോ.മോഹനൻ കുന്നുമ്മൽ, കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടർ ഡോ.വി.ബിജുവിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഓഗസ്റ്റ് 11ന് ആദ്യത്തെ കത്ത് അയച്ചത്. കോളേജ് ക്യാംപസുകളിൽ ചർച്ചകളും, സെമിനാറുകളും നാടകങ്ങളുമടക്കം സംഘടിപ്പിക്കാനാണ് ഈ കത്തിൽ നിർദ്ദേശമുണ്ടായിരുന്നത്.
എന്നാൽ ഗവർണറുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണ, പ്രതിപക്ഷങ്ങളിൽ നിന്ന് എതിർപ്പുയർന്നതോടെയാണ് ഡോ.വി.ബിജു പുതിയ കത്ത് നൽകിയിരിക്കുന്നത്. അതേസമയം താനറിയാതെയാണ് കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടർ കത്ത് തിരുത്തി അയച്ചതെന്നും ഏതെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം കത്ത് നൽകിയതെന്നുമാണ് വിസി പ്രതികരിച്ചത്.
ഇടത് അദ്ധ്യാപക സംഘടനയുടെ മുൻ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷൻ നേതാവുമാണ് ഡോ.ബിജു. ഫിസിക്‌സ് പ്രൊഫസറാണ്. രണ്ടാം നിർദ്ദേശം അയച്ചതിന് പിന്നാലെയാണ് കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടർ സ്ഥാനം രാജിവയ്‌ക്കാൻ അനുവദിക്കണമെന്ന് വിസിയ്‌ക്ക് അദ്ദേഹം കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |