തിരുവനന്തപുരം: യുവനടിയുടെ അശ്ലീല സന്ദേശ വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംപി രാജിവച്ചൊഴിഞ്ഞതോടെ ഷാഫി പറമ്പിലിനെതിരെ നീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണെന്നാണ് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. രാഹുലുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ ഷാഫി പറമ്പിൽ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. ഡൽഹിയിലെ ഫ്ലാറ്റിലാണ് ഷാഫി പറമ്പിൽ ഇപ്പോഴുളളത്.
അതേസമയം, രാഹുലിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. സംഘർഷത്തിൽ ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദ്ദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. എന്നാൽ ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |