പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കും ഷാഫി പറമ്പിൽ എംപിയ്‌ക്കുമെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. ഇരുവരും പൂരപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് എത്തിയത് വലിയ ഫണ്ടാണ്. ഈ തുക എന്ത് ചെയ്‌തുവെന്ന് ഇവർ വ്യക്തമാക്കണമെന്നുമാണ് നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. എംഎൽഎ ആയ ശേഷം രാഹുലിന് കാർ വാങ്ങാൻ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അവർ സ്വഭാവദൂഷ്യം കാരണം രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ ആദ്യമേ എതിർത്തിരുന്നുവെന്നും പറഞ്ഞു.
ഇന്നലെയാണ് യുവനടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ ഡൽഹിയിലെ ഫ്ലാറ്റിലാണ് ഷാഫി. പാർലമെന്റിലേക്കും പോയിട്ടില്ല. വൈകിട്ടോടെ ബീഹാറിലേക്ക് പോയെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാൻ പൊയതാണെന്നാണ് വിശദീകരണം.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചതോടെ ഷാഫിക്കെതിരെയും പാർട്ടിയിൽ പടനീക്കം ശക്തമാണ്. രാഹുലിനെ സംരക്ഷിച്ചത് മുഴുവൻ ഷാഫിയാണെന്ന പരാതിയും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്‌തു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദം ചെലുത്തിയ ഷാഫി, പരാതികൾ അറിയിച്ചിട്ടും പ്രതികരിച്ചിട്ടില്ലെന്നും പ്രവർത്തകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |