തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആരോപിച്ചുള്ള നിരവധി സ്‌ക്രീൻഷോട്ടുകളും സന്ദേശങ്ങളും പുറത്ത്. സോഷ്യൽ മീഡിയയിൽ അടക്കം സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. വീഡിയോ കോൾ ചെയ്യുന്നതിന്റെ അടക്കമുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സന്ദേശത്തിൽ 'y u avoiding me' തുടങ്ങിയ സന്ദേശങ്ങളാണുള്ളത്. എന്നാൽ ഈ സന്ദേശങ്ങളുടെ ആധികാരികതെയെക്കുറിച്ച് വ്യക്തതയില്ല. ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിക്കാത്തത് കൊണ്ട് നിയമനടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല.
കൂടുതൽ ആരോപണങ്ങൾ രാഹുലിനെതിരെ ഉയരുമ്പോൾ കോൺഗ്രസ് പാർട്ടി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതിപക്ഷവും ബിജെപിയും രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷ്രോഭത്തിലേക്ക് കടക്കുന്ന സാഹചര്യവും ഉടലെടുക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് നഗരസഭ മാറ്റിനിർത്തി. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസാണ് കത്ത് നൽകിയത്. നഗരസഭയുടെ ഇന്നലത്തെ പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
ഇതിനിടെ രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. നിരന്തരം ഹോട്ടൽ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.
എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായെന്നും പിന്നീടാണ് ഇക്കാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു. ഇനി മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഐ ഡോണ്ട് കെയർ എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |