ആളപായമില്ല
തൃശൂർ: ശക്തമായ കാറ്റിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വലിയ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് പതിച്ചു. തിരക്കുകുറഞ്ഞ സമയമായതിനാൽ വൻഅപകടം ഒഴിവായി. പരിക്കോ കേടുപാടുകളോ ഇല്ല.
ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. എം.ഒ റോഡിലെ കോർപ്പറേഷൻ ഓഫീസിന് മുന്നിലുണ്ടായിരുന്ന നാലുനില കെട്ടിടത്തിന്റെ രണ്ടായിരത്തോളം ചതുരശ്ര അടിയുള്ള ഇരുമ്പ് മേൽക്കൂരയാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ എതിർവശത്തായി 30 മീറ്ററോളം അകലെയാണ് മേൽക്കൂര വീണത്. സംഭവത്തെത്തുടർന്ന് മണിക്കൂറുകളോളം നഗരം ഗതാഗതകുരുക്കിലായി. ഫയർഫോഴ്‌സും പൊലീസും യാത്രക്കാരും ജനപ്രതിനിധികളും ചേർന്ന് ഇരുമ്പ് മേൽക്കൂര മുറിച്ചുമാറ്റി.
ശക്തൻ സ്റ്റാൻഡിലേക്ക് ബസുകളടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനറോഡാണ് എം.ഒ റോഡ്. ഉച്ച മുതൽ നഗരത്തിൽ മഴ പെയ്യുന്നുണ്ടായിരുന്നു. സാധാരണ കാൽനടയാത്രക്കാരും വാഹനങ്ങളുടെ നീണ്ടനിരയും ഇവിടെയുണ്ടാകാറുണ്ട്. മേൽക്കൂര അപകടാവസ്ഥയിലാണെന്ന് കോർപ്പറേഷൻ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഏപ്രിൽ 23ന് പെയ്ത മഴയിൽ മേൽക്കൂരയുടെ കാൽ തകർന്ന് കെട്ടിടത്തിലേക്ക് ചാഞ്ഞ് കിടക്കുകയായിരുന്നു. വ്യാപാരികളും അപകടാവസ്ഥ അറിയിച്ചിരുന്നു. മേയർ എം.കെ.വർഗീസ്, തഹസിൽദാർ ടി.ജയശ്രീ, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |