
കണ്ണൂർ: പാർട്ടിക്കും പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനനുമെതിരെ വീണ്ടും വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് വെട്ടിച്ച മധുസൂദനൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കളങ്കിതർ മത്സരിക്കരുത്. പാർട്ടി നിലപാടെന്തെന്ന് കണ്ടറിയണം.
അഞ്ചുവർഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പുമായി വെളിപ്പെടുത്തലിനെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ആരുടെയും പേര് പരാമർശിക്കാൻ ഉദേശിച്ചിട്ടില്ല. മൂന്ന് പിരിവും നടന്ന കാലത്ത് ടി.ഐ.മധുസൂദനൻ ആയിരുന്നു ഏരിയാ സെക്രട്ടറി. സ്വാഭാവികമായി ഉത്തരവാദപ്പെട്ട ആളെന്ന നിലയിൽ മധുസൂദനൻ മറുപടി പറയേണ്ടിവരും. കൃത്യമായ വിവരങ്ങൾ ഇല്ലാതെ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റർ
വി.കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് പോസ്റ്ററിലുള്ളത്. കഴുത്തിനുനേരെ വടിവാൾ വരുന്ന നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു?കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു? തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു? ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും എന്നാണ് പോസ്റ്ററുകളിലെ വരികൾ. തനിക്കെതിരെ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്
പൊലീസ് കേസെടുക്കണം:
സണ്ണി ജോസഫ്
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടി ഇക്കാര്യം അന്വേഷിച്ചു തള്ളിയതാണെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ പ്രസ്താവന അപഹാസ്യമാണ്. വയനാട് ഫണ്ട് കെ.പി.സി.സി അദ്ധ്യക്ഷന്റെ പേരിലാണുള്ളത്. അതിന് കൃത്യമായ കണക്കുണ്ട്. കോൺഗ്രസ് പാർട്ടി മാവോയിസ്റ്റ് പാർട്ടി എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്.
ശബരിമല സ്വർണക്കവർച്ചാക്കേസിലെ പ്രതിക്കൊപ്പം അടൂർ പ്രകാശ് നിന്നതിൽ കുഴപ്പമെന്താണ്. ആ ചിത്രം എടുത്തകാലത്ത് അടൂർ പ്രകാശിന് ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്നതിനുള്ള അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാത്തതിനർത്ഥം അടൂർ പ്രകാശ് കുഴപ്പക്കാരനല്ലെന്നാണല്ലോ. എസ്.ഐ.ടിയുടെ വീഴ്ചയാണ് കേസിൽ കുറ്റപത്രം നൽകുന്നതു വൈകാൻ കാരണം. അന്വേഷണ വീഴ്ചയ്ക്കെതിരെ 27ന് തലസ്ഥാനത്ത് പ്രതിഷേധ സദസ് സംഘടിപ്പിക്കും. തുടർന്ന് മൂന്നു ദിവസം ജില്ലകളിലും പ്രതിഷേധ സദസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |