
കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്ന് പണം തട്ടിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്‌ണൻ. ധനരാജ് എന്ന പ്രവർത്തകന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ഫണ്ടിലാണ് കൃത്രിമത്വം നടന്നതെന്നാണ് വെളിപ്പെടുത്തൽ. 2016ലാണ് ധനരാജ് കൊല്ലപ്പെട്ടത്.
'2016ൽ തന്നെ ഫണ്ട് സ്വരൂപണം നടന്നിരുന്നു. 2017 ഡിസംബർ എട്ട്, ഒൻപത് തീയതികളിൽ കരിവെള്ളൂരിൽ ഏരിയ സമ്മേളനം നടന്നിരുന്നു. അതുവരെയുള്ള വരവ് ചെലവ് കണക്കുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. പിന്നീടാണ് ധനരാജിന്റെ കുടുംബത്തിനായി വീട് നിർമാണത്തിലേയ്ക്ക് പാർട്ടി കടന്നത്. 2021വരെയും ഇതിന്റെ കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2021ലാണ് പിന്നീട് സമ്മേളനം നടന്നത്. 2020ലാണ് ഞാൻ പാർട്ടി ഏരിയ സെക്രട്ടറിയായത്.
കണക്കുകൾ സമ്മേളനത്തിൽ വയ്ക്കാനുള്ള ചുമതല എനിക്കായിരുന്നു. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനായി എന്നെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോഴാണ് വിചിത്രമായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. 2017ലെ സമ്മേളനത്തിൽ അവതരിപ്പിച്ച വരവിൽ പത്തുലക്ഷത്തിലേറെ കുറവാണ് അവതരിപ്പിച്ചത്. ഒരുകോടിയോളം രൂപയായിരുന്നു ആകെ പിരിച്ചത്. വീട് നിർമാണത്തിനായി പിരിച്ച ഫണ്ടിലും കൃത്രിമം നടന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് കമ്മിറ്റി കണക്ക് അംഗീകരിച്ചില്ല.
34 ലക്ഷത്തിലധികം രൂപ വീട് നിർമാണത്തിനായി വേണ്ടിവന്നുവെന്നാണ് കണക്ക് അവതരിപ്പിച്ചത്. 35.25 ലക്ഷം രൂപയും ചെക്ക് മുഖേനെയാണ് നൽകിയത്. അത് പരിശോധിച്ചപ്പോൾ 29.25 ലക്ഷം രൂപ കോൺട്രാക്‌ടറുടെ അക്കൗണ്ടിലും അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലും പോയതായി കണ്ടെത്തി. 40 ലക്ഷം രൂപ എകെജി ഭവൻ നിർമാണത്തിനായി ഉപയോഗിച്ചുവെന്ന് പറയുന്നു. എന്നാൽ അവർക്ക് ഫണ്ട് ഉണ്ട്. ധനരാജ് ഫണ്ടിൽ നിന്ന അതെടുക്കേണ്ട ആവശ്യമില്ല.
ധനരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി എ മധുസൂദനൻ ആണ് തട്ടിയെടുത്തത്. ഒരു കോടിയിലേറെ പിരിച്ചിട്ട് 46 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. തെളിവടക്കം ഇതുസംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകി. എന്നാൽ നടപടിയെടുക്കാതെ പാർട്ടി തട്ടിപ്പ് മൂടിവച്ചു. പാർട്ടി ഓഫീസ് നിർമാണ ഫണ്ടിൽ 70 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയെ കണ്ട് തട്ടിപ്പ് ബോദ്ധ്യപ്പെടുത്തി. പിന്നീടുവന്ന എം വി ഗോവിന്ദനും തെളിവടക്കം കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിക്കും പയ്യന്നൂരിലെ തട്ടിപ്പിനെക്കുറിച്ച് ബോദ്ധ്യമുണ്ട്.
കൂട്ടാമായി ചെന്ന് ഫണ്ട് പിരിക്കുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നേരത്തെയുണ്ടായിരുന്നത്. പിന്നീടത് ഏരിയ സെക്രട്ടറി മാറ്റി ഒറ്റയ്ക്കൊറ്റയ്ക്ക് പോയി പിരിക്കുന്നതായി മാറ്റി. കൃത്രിമം നടത്താൻ ഏറെ സഹായകമായ കാര്യമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നത്. മൂന്ന് ഫണ്ടുകളിലായി ഒരുകോടിയിലേറെ തട്ടിയെടുത്തു. വ്യാജ രസീതുണ്ടാക്കിയുള്ള തട്ടിപ്പ് തെളിവടക്കം പാർട്ടിയെ ബോദ്ധ്യപ്പെടുത്തി. എന്നാൽ പരാതി പറഞ്ഞ തനിക്കെതിരെ പാർട്ടി നടപടിയെടുക്കുകയാണ് ചെയ്തത്'- തുടങ്ങിയ വെളിപ്പെടുത്തലാണ് വി കുഞ്ഞികൃഷ്‌ണൻ നടത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |