
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
ഇന്ന് ; ജില്ലാകമ്മിറ്റി നാളെ
കണ്ണൂർ: ടി.ഐ.മധുസൂദനൻ എം.എൽ.എയ്ക്കെതിരെ രക്തസാക്ഷി ഫണ്ടിലടക്കം തിരിമറി ആരാേപിച്ച ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെതിരെ ഇന്ന് ചേരുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നടപടി നിർദേശിക്കുമെന്ന് സൂചന.നാളെ ചേരുന്ന ജില്ലാ കമ്മിറ്റി അംഗീകരിച്ച് പ്രഖ്യാപിക്കും. പുറത്താക്കാനാണ് സാദ്ധ്യത.
പാർട്ടി വിടില്ലെന്നും തിരുത്തൽ ശക്തിയായി മാറുമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.
തിരഞ്ഞെടുപ്പ് ഫണ്ടിലും പാർട്ടി ഓഫീസ് നിർമാണ ഫണ്ടിലും തിരിമറി നടത്തിയെന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, പാർട്ടിയെ പ്രതിസന്ധിയാക്കുന്ന തരത്തിൽ എതിരാളികളുടെ കോടാലിക്കൈ ആയെന്ന കുറ്റമാണ് നേതൃത്വം ഉയർത്തുന്നത് .
നടപടി സ്വീകരിച്ചാൽ കളങ്കിതർക്കൊപ്പമാണ് പാർട്ടി എന്ന പ്രതീതി ഉളവാകുമെന്ന ആശങ്കയുമുണ്ട്. ആരാേപണം വാസ്തവ വിരുദ്ധമെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചത്.
ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റി ൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.
മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തിരിമറി അറിഞ്ഞിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തുവെന്ന ഗുരുതര ആരോപണവും കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു.
പയ്യന്നൂരിൽ വീണ്ടും മധൂസൂദനൻ മത്സരിക്കുമെന്ന ഘട്ടത്തിലാണ് കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉയർത്തിയത്.
അണികൾ നേതൃത്വത്തെ തിരുത്തണം' എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് സൂചന. ഭൂമാഫിയാ ബന്ധം, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് ചില നേതാക്കൾക്കെതിരെ ആരോപണം പുസ്തകത്തിൽ ഉണ്ടെന്നാണ് സൂചന.
നാളുകളോളം വിട്ടുനിന്നു;
നേതൃത്വം തിരിച്ചെത്തിച്ചു
രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം നേരത്തെ പാർട്ടിവേദികളിൽ ഉന്നയിച്ചതിന് പിന്നാലെ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്തായ കുഞ്ഞികൃഷ്ണൻ മാസങ്ങളോളം പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തിരിച്ചുവരാൻ ആവശ്യപ്പെട്ടതും ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും.
തിരിമറി ഉണ്ടായിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിൽ അമാന്തമുണ്ടായെന്നുമാണ് പാർട്ടി അന്വേഷണകമ്മിഷൻ കണ്ടെത്തിയത്. ഫണ്ട് ചുമതലയുണ്ടായിരുന്ന ടി.ഐ.മധുസൂദനൻ എം.എൽ.എയെ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. പിന്നീട് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.
തിരുത്താനുള്ള മാർഗം
ഇതല്ലെന്ന് എം.വി.ജയരാജൻ
പാർട്ടിയെ തകർക്കുന്നതാണ് വി.കുഞ്ഞികൃഷ്ണന്റെ നടപടിയെന്നും തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നുമാണ് സംസ്ഥാനകമ്മിറ്റിയംഗം എം.വി.ജയരാജൻ പ്രതികരിച്ചത്. എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിത്. വ്യക്തിപരമായി ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് പാർട്ടി കമ്മിഷൻ പഠിച്ച് കണ്ടെത്തിയതാണ്. പിണറായി വിജയനും എം.വി.ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും തെറ്റിന് കൂട്ട് നിൽക്കുമെന്ന് ആരും കരുതില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |