തിരുവനന്തപുരം : മലയാളത്തിൽ മികച്ച ആനിമേഷൻ സിനിമകളൊരുക്കാൻ നടൻ നവിൻ പോളി ഇനി സംരംഭകന്റെ റോളിൽ. ക്രേവ് എന്ന പേരിൽ ആരംഭിച്ച സ്റ്റാർട്ടപ്പിലൂടെ കേരളത്തിൽ നിന്ന് ആനിമേഷൻ സിനിമകളും ഗെയിമുകളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. കോവളത്ത് നടന്ന ഹഡിൽ കേരള 2025ന്റെ വേദിയിൽ വച്ച് ക്രേവിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരളത്തിൽ നിന്ന് ഡവലപേഴ്സിനെ കണ്ടെത്തി ആനിമേഷൻ സിനിമകളും ഗെയിമുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകും. ഡവലപേഴ്സിന്റെ പേരിൽ തന്നെയാകും ഇതെല്ലാം അറിയപ്പെടുക. ഇതിന്റെ റോയൽറ്റിയാണ് ക്രേവിന് ലഭിക്കുക.
കേരളത്തിൽ ആനിമേഷന് വൻ സ്വീകാര്യത
സ്റ്റാർട്ടപ്പ് മേഖലയിൽ ആറുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലപ്പുറം അരീക്കോട് സ്വദേശി റമീസ് അലിയുമായി ചേർന്നാണ് നവിൻ സ്റ്റാർട്ടപ്പിന് തുടക്കമിട്ടിരിക്കുന്നത്. സ്റ്റാർട്ടപ്പ് രംഗത്ത് താത്പര്യമുണ്ടായിരുന്ന നവിൻ ഒരുവർഷം മുമ്പാണ് സ്റ്റാർട്ടപ്പ് മിഷന്റെ പരിപാടിയിൽ വച്ച് റമീസിനെ പരിചയപ്പെടുന്നത്. കേരളത്തിലെ കുട്ടികൾ ഉൾപ്പെടെ ആനിമേഷൻ സിനിമകളിൽ തല്പര്യരാണെങ്കിലും എന്തുകൊണ്ട് മികച്ച ആനിമേഷൻ സിനിമകൾ കേരളത്തിലുണ്ടാകുന്നില്ലെന്ന ചിന്തയും ആഗ്രഹവുമായിരുന്നു നിവിനെ സ്റ്റാർട്ടപ്പിലേക്ക് നയിച്ചത്. കേരളത്തിൽ ആനിമേഷൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ പലരുമായും നടത്തിയെങ്കിലും അതിലേക്ക് ശ്രമിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും നിവിൻ പറയുന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് ക്രേവിന്റെ പ്രവർത്തനം.
കേരളത്തിലെ കഥാകാരും സംവിധായകരും!
കേരളത്തിലെ മികച്ച കഥാകാരെയും ആനിമേഷൻ സംവിധായരെയും കോർത്തിണക്കുകയാണ് ക്രേവിന്റെ ലക്ഷ്യം. മലയാള സിനിമകൾക്ക് അഗോളതലത്തിൽ സ്വീകാര്യത ലഭിക്കുന്ന കാലത്ത് ആനിമേഷൻ രംഗത്തെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് നിവിനും കൂട്ടരും. അവതാർ സിനിമയിലുൾപ്പെടെ നിരവധി മലയാളികൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും കേരളത്തിന് അർഹതപ്പെട്ടതല്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് ഇത്തരം സിനിമകൾ ഒരുക്കാൻ വഴിയൊരുങ്ങുന്നത്.
മലയാളികളായ നിരവധി ആനിമേഷൻ സംവിധായരെയും ഗെയിം ഡവലപേഴ്സിനെയും പരിചയപ്പെട്ടപ്പോഴാണ് കേരളത്തിൽ ഉയർന്ന നിലവാരമുള്ള ആനിമേഷൻ സിനിമകളും ഗെയിമുകളും സാദ്ധ്യമാണെന്ന് മനസിലായത്. കേരളത്തിൽ നിന്ന് ആഗോളത്തലത്തിലേക്കുളള ഉത്പന്നങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
-നിവിൻ പോളി
സംവിധായകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |