
കൊച്ചി: രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ 74% പേരും പഠനാവശ്യത്തിനല്ലാതെ പ്രതിദിനം രണ്ട് മണിക്കൂറിലേറെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിൽ 21% നാല് മണിക്കൂറിലേറെ മൊബൈൽ ഫോൺ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, സമൂഹ മാദ്ധ്യമങ്ങൾ എന്നിവയ്‌ക്കായി ചെലവഴിക്കുന്നുണ്ട്.
സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകളും പ്രിൻസിപ്പൽമാരും ഉൾപ്പെട്ട നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് (എൻ.സി.സി.എസ്) നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ.
പഠനത്തിൽ പങ്കെടുത്ത 69% അദ്ധ്യാപകരും സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളിൽ ഏകാഗ്രത കുറയുന്നതായി അറിയിച്ചു. കുട്ടികളിൽ അസഹിഷ്ണുത, ആശങ്ക, മാനസികസമ്മർദ്ദം, സാമൂഹിക പിന്മാറ്റം തുടങ്ങിയവ വർദ്ധിച്ചതായി 63%പേരും കായിക, സാമൂഹിക ഇടപെടലുകളിൽ കുറവ് സംഭവിച്ചതായി 66% പേരും പ്രതികരിച്ചു.
18 വയസിൽ താഴെയുള്ളവരുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കാൻ ദേശീയ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടും ശുപാർശകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സംസ്ഥാന മുഖ്യമന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രിമാർ, സി.ബി.എസ്.ഇ ചെയർമാൻ എന്നിവർക്കും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
സ്കൂളിലും നിയന്ത്രണം വേണം
സ്‌കൂളുകളിൽ ഡിജിറ്റൽ ഉപയോഗം നിയന്ത്രിതമാക്കണം
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിശോധന വേണം
രക്ഷിതാക്കളുടെ മേൽനോട്ട സംവിധാനം ഒരുക്കണം
ദേശീയ ബാല ഡിജിറ്റൽ സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കണം
''വിദ്യാർത്ഥികളുടെ ക്ഷേമവും സുരക്ഷയും ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ നയപരമായ നടപടികൾ ആവശ്യമാണ്.""
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |