
തിരുവനന്തപുരം: പാചകവാതക വില വര്‍ദ്ധിച്ചതിന് പിന്നാലെ സാധനം കിട്ടാനില്ലാത്ത സ്ഥിതിയില്‍ വലഞ്ഞ് ഹോട്ടല്‍ ഉടമകള്‍. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും വ്യാവസായിക അടിസ്ഥാനത്തിനുള്ളതിനും വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ പരമാവധി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും അടച്ച് പൂട്ടേണ്ട സ്ഥിയിലേക്കാണ് എത്തിയിരിക്കുന്നത്.
ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരെ ബന്ധപ്പെടുമ്പോള്‍ സ്‌റ്റോക്കില്ലെന്നും ലോഡ് എത്തിയിട്ടില്ല എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വിറക് അടുപ്പിലേക്ക് പാചകം മാറ്റേണ്ടി വരുന്ന സ്ഥിതിയാണെന്നും എന്നാല്‍ മലിനീകരണ പ്രശ്‌നമുള്ളതിനാല്‍ ഇതിന് പ്രത്യേക അനുമതി ഉള്‍പ്പെടെ ആവശ്യമുണ്ട്. വിറക് അടുപ്പില്‍ പാചകം ചെയ്യുന്ന ഹോട്ടലുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും വിരലിലെണ്ണാവുന്നവയാണ്.
നഗരങ്ങളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്ക് ആളുകളും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. അതിരാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് ഉച്ചഭക്ഷണം കൊണ്ട് വരുന്നത് അപ്രായോഗികമാണ്. വീട്ടില്‍ നിന്ന് പാകം ചെയ്ത് കൊണ്ട് വന്നാല്‍ ഉച്ചയാകുമ്പോള്‍ ഭക്ഷണം കേടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. തലസ്ഥാന നഗരത്തിലെ പല ഹോട്ടലുകളിലും ഉച്ചയൂണ് കിട്ടാനില്ല. നിരവധി കറികള്‍ പാകം ചെയ്യണമെന്നതും ഇതിന് ഗ്യാസ് കൂടുതലായി ആവശ്യം വരും എന്നതുമാണ് കാരണം. പല ഹോട്ടലുകളിലും ഉച്ചയൂണ് ലഭ്യമല്ല എന്ന ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു.

'ഗ്യാസ് സിലിണ്ടര്‍ കിട്ടാനില്ലെന്നാണ് ഏജന്‍സികളെ ബന്ധപ്പെടുമ്പോള്‍ പറയുന്നത്. ഇരട്ടി വില നല്‍കിയാല്‍ പോലും സാധനം കിട്ടാനില്ല. ഈ കണക്കിന് മുന്നോട്ട് പോയാല്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. വിറകടുപ്പിലേക്ക് പാചകം മാറ്റുക എന്നതാണ് പിന്നെയുള്ള ഒരു സാദ്ധ്യത. പക്ഷേ മലിനീകരണ പ്രശ്‌നവും സുരക്ഷയും പ്രധാനമായതിനാല്‍ പലരും അതിന് തയ്യാറാകില്ല.' - വിഷ്ണു, ഹോട്ടലുടമ
ഹോട്ടലുകളെ പൊലെ തന്നെ കാറ്ററിംഗ് രംഗത്തേയും ഗ്യാസ് ദൗര്‍ലഭ്യം കാര്യമായി ബാധിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി കൂടുതലെന്നാണ് ഭക്ഷണവിതരണ മേഖലയിലുള്ളവര്‍ പറയുന്നത്. പൈപ്ലൈന്‍ വഴി നല്‍കുന്ന പ്രകൃതിവാതകത്തിന് (പിഎന്‍ജി) നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് അദാനി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, കുറഞ്ഞ നഗരങ്ങളിലും തദ്ദേശ സ്ഥാപന പരിധികളിലും മാത്രമാണ് നിലവില്‍ പൈപ്ലൈനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |