കൊല്ലം: പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽ.ഡി ക്ളാർക്ക് ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതി അറസ്റ്റിൽ. വാളത്തുംഗൽ ഐശ്വര്യയിൽ ആർ.രാഖിയാണ് (25) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 10ഓടെ രാഖി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് എത്തിയത്. രേഖകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ തഹസിൽദാർ പി.എസ്.സി ഓഫീസിൽ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് പി.എസ്.സി ഓഫീസിൽ അന്വേഷിക്കാൻ നിർദ്ദേശിച്ചു.
2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എൽ.ഡി ക്ളാർക്ക് ലിസ്റ്റിൽ 22ാം റാങ്കുകാരിയാണെന്നും റവന്യു വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ടാണ് ഇവരെത്തിയത്. തഹസിൽദാർ ജില്ലാ കളക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.
ഉച്ചയോടെ ആണ്ടാമുക്കത്തെ പി.എസ്.സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈൽഫോണിലുള്ള രേഖകളാണ് കാണിച്ചത്. അസൽ കാണിക്കാൻ തയ്യാറായില്ല.
യഥാർത്ഥ റാങ്ക് ലിസ്റ്റിൽ 22-ാം റാങ്ക് നേടിയത് അമൽ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേർക്കുകയായിരുന്നു. അഡ്വൈസ് മെമ്മോയിലെ നമ്പർ പി.എസ്.സിയുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യു വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എൽ.ഡി ക്ലാർക്ക് പോസ്റ്റിലേതാണെന്നും അധികൃതർ വ്യക്തമാക്കി.
ഉത്തരവിൽ അതോറിട്ടിയുടെ സ്ഥാനത്ത് ജില്ലാ റവന്യു വകുപ്പ് ഓഫീസർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റവന്യു വകുപ്പിൽ ഇത്തരമൊരു തസ്തികയില്ല. ജില്ലാ കളക്ടറാണ് നിയമന അധികാരി.
ഇതിനിടെ രാഖിയും കുടുംബവും മാദ്ധ്യമങ്ങളെയും ഈസ്റ്റ് പൊലീസിനെയും ഫോണിൽ വിളിച്ചു. ഈസ്റ്റ് പൊലീസെത്തി രാഖിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. രേഖകൾ വ്യാജമാണെന്നും ചോദ്യം ചെയ്യലിൽ രാഖി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
കൺട്രോൾ റൂം സി.ഐ ബിജു, ഈസ്റ്റ് എസ്.ഐ വി.ജെ.ദിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭർത്താവിനെ ചോദ്യ ചെയ്ത ശേഷം വിട്ടയച്ചു.
സെക്രട്ടേറിയറ്റ് റാങ്ക് ലിസ്റ്റിലും കൃത്രിമം
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കൃത്രിമ രേഖകൾ ചമച്ചതായി രേഖയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മൊബൈൽ ആപ്പ് വഴിയാണ് വ്യാജരേഖ നിർമ്മിച്ചത്. തുടർന്ന് സ്വന്തം മേൽവിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിൽ മറ്റുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |