കുഴിത്തുറ / മലയിൻകീഴ്: ജെ.സി.ബി വാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയ ക്രഷർ ഉടമയെ കാറിൽ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവാണ് (45) മരിച്ചത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നു.
കാറിൽ നിന്ന് ഒരാൾ ബാഗുമായി മുടന്തി പോകുന്ന സി.സി.ടിവി ദൃശ്യം ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സാമ്പത്തിക തർക്കത്തെ തുടർന്ന് ദീപുവിന് ഭീഷണയുണ്ടായിരുന്നതായി ഭാര്യയും മക്കളും പൊലീസിന് മൊഴി നൽകി.
12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെ.സി.ബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തി മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ പുലർച്ചെ 2.30നാണ് ദീപുവിന് അപകടമുണ്ടായെന്ന് ഭാര്യയെ തമിഴ്‌നാട് പൊലീസറിയിച്ചത്. അവർ ഉടൻ മാനേജർ ഷാജനെ വിവരമറിയിച്ചു. ഷാജനെത്തുമ്പോൾ ദീപുവിന്റെ വീട്ടിൽ മലയിൻകീഴ് പൊലീസെത്തിയിരുന്നു. മരണവിവരമറിയിക്കാതെയാണ് ഭാര്യയെ കളിയിക്കാവിളയിലെത്തിച്ചത്. അവിടെയെത്തിയ ശേഷമാണ് വിവരമറിയിച്ചത്ത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന്. ഭാര്യ: വിധുമോൾ (പാലക്കാട് മുന്നൂർക്കോട് ജി.എച്ച്.എസ്.എസ് അദ്ധ്യാപിക). മക്കൾ: മാധവ് ദീപു (15), മാനസ് ദീപു (11).
മൃതദേഹം സീറ്റ് ബെൽറ്റിട്ട നിലയിൽ
സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു മൃതദേഹം. ഡ്രൈവറിന്റെ സമീപത്തെ സീറ്റിലിരുന്ന് പ്രതി ദീപുവിന്റെ കഴുത്തറുത്തതെന്നാണ് നിഗമനം. കഴുത്തിന്റെ 70 ശതമാനവും അറ്റു. കാറിൽ നിന്ന് സർജിക്കൽ ബ്ലേഡിന് സമാനമായ ആയുധത്തിന്റെ മുറിഞ്ഞ ഭാഗം കണ്ടെത്തി. അന്വേഷണത്തിനായി കന്യാകുമാരി എസ്.പി സുന്ദര വദനത്തിന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
'പ്രതിയെകുറിച്ച് സൂചന ലഭിച്ചു. ഉടൻ അറസ്റ്റുണ്ടാകും".
- ഇ. സുന്ദര വദനം, കന്യാകുമാരി ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |