ചാരുംമൂട് (ആലപ്പുഴ): നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് അൻസർ, രണ്ടാനമ്മ ഷെഫിന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെഫിനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടിയത്.
പൊലീസ് കേസെടുത്തത് മനസ്സിലാക്കി ബുധനാഴ്ച വീട് പൂട്ടി രക്ഷപ്പെടാനെത്തിയ അൻസർ സമീപത്തെ കുടുംബവീട്ടിൽ താമസിക്കുന്ന പിതാവിനെ കൂന്താലിക്ക് അക്രമിക്കാൻ ശ്രമിച്ചെന്ന് നൂറനാട് സി.ഐ ശ്രീകുമാർ പറഞ്ഞു. ലഹരിക്കേസുകളിലടക്കം പ്രതിയാണ് അൻസാർ.
അതിനിടെ, രണ്ടാനമ്മയും പിതാവും ക്രൂരമായി ഉപദ്രവിച്ച നാലാംക്ലാസുകാരിയുടെ താത്‌കാലിക സംരക്ഷണച്ചുമതല പിതൃമാതാവിന് കൈമാറി. ശിശുക്ഷേമ സമിതി ഉത്തരവ് പിതൃമാതാവ് ആദിക്കാട്ടുകുളങ്ങര പൂവണ്ണംതടത്തിൽ റസിയ ചേർത്തല ജൂവനൈൽ ഹോമിലെത്തി കൈപ്പറ്റി. മന്ത്രി വി.ശിവൻകുട്ടി ഇന്ന് കുട്ടിയെ കാണാനെത്തും.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മിഷൻ ഏഴുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് സി.ഐയോടും നിർദ്ദേശിച്ചു. ശിശുക്ഷേമസമിതി ചെയർപേഴ്സൺ അഡ്വ.ബി.വസന്തകുമാരിയമ്മ കുട്ടി താമസിക്കുന്ന താമരക്കുളത്തെ ബന്ധുവീട്ടിലെത്തി നേരിൽ സംസാരിച്ചു. ജുവനൈൽ ഹോമിലേക്ക് താമസം മാറാൻ നിർബന്ധിച്ചെങ്കിലും പിതൃമാതാവിനൊപ്പം കഴിയാൻ കുട്ടി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഒന്നരവർഷം മുമ്പ് വരെ കുടുംബവീട്ടിലായിരുന്നു കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. പുതിയ രണ്ടുനില വീട്ടിലെ താഴത്തെ നിലയിലെ ബെഡ്റൂമിൽ താൻ ഒറ്റയ്ക്കാണ് ഉറങ്ങിയിരുന്നതെന്നും രാത്രിയിൽ പേടിച്ചിരുന്നെന്നും കുട്ടി പറഞ്ഞു. കുട്ടിയെ പ്രസവിച്ച് എഴാം നാൾ അമ്മ മരണപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |