
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് - ആർ.പി.എഫ് സംഘം നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് കേസുകളിലായി 22.5 കിലോ കഞ്ചാവ് പിടികൂടി. 18 കിലോ കഞ്ചാവുമായി ബിഹാർ സ്വദേശികളായ എം.ഡി. ചന്ദ് (24), എം.ഡി. ഇർഷാദ് (19), ഗൗരവകുമാർ (18) എന്നിവർ പിടിയിലായി. നാലര കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
ഗോരഖ്പൂർ - എറണാകുളം ട്രെയിനിലാണ് 18 കിലോ കഞ്ചാവുമായി ബിഹാർ സ്വദേശികൾ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ കഞ്ചാവ് ഇറക്കിയതിന് പിന്നാലെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെയും ആർ.പി.എഫ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒറീസയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് 30,000 രൂപയ്ക്ക് വില്പന നടത്തിയശേഷം അടുത്ത ദിവസം തിരിച്ചുപോകുകയാണ് ഇവരുടെ രീതി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാത്തുനിൽക്കുന്ന മലയാളികൾ അടങ്ങുന്ന സംഘത്തിനാണ് പതിവായി കഞ്ചാവ് കൈമാറുക.
ഇവരുടെ അറസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാലര കിലോ കഞ്ചാവും കണ്ടെത്തി. ധൻബാദ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് അടങ്ങിയ സഞ്ചി പ്ലാറ്റ്ഫോമിൽ നിന്ന് കണ്ടെടുത്തത്.
ഇന്റലിജൻസ് എ.എസ്.ഐ ഫിലിപ്സ് ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ സി.പി. ജിനേഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്അംഗം പ്രിവെന്റീവ് ഓഫീസർ എം.എം. അരുൺകുമാർ, ആർ.പി.എഫ് സേനാംഗം ജി. വിപിൻ, നിതിൻ, അഖിൽ ലാൽ, സോനു മോൻ, വിഷ്ണു സോമൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.ജെ. ധന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ ബീഹാർ സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |