
കൊച്ചി: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ മർദ്ദിച്ചതിന് അന്വേഷണം നേരിടുന്ന മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിറാഷ്, സ്വരാബ്, ശ്രീകാന്ത് എന്നിവരെയാണ് എറണാകുളം റൂറൽ എസ്.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മർദ്ദനമേറ്റ യുവാക്കളുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തിരുന്നു. മൂന്നു പൊലീസുകാരും അവധിയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുതുവൈപ്പ് സ്വദേശി നെസ്റ്റൺ, സുഹൃത്ത് നിഥിൻ എന്നിവരെ മർദ്ദിച്ചത്. യുവാക്കൾ ഇരുവരും വൈകിട്ട് വളർത്തുനായ്ക്കളുമായി പുതുവൈപ്പ് ബീച്ചിൽനിന്ന് എൽ.എൻ.ജി റോഡ് വഴി മടങ്ങുമ്പോഴായിരുന്നു സംഭവം. കാളമുക്ക് ഭാഗത്തുനിന്ന് കാറിൽ പുതുവൈപ്പ് ഭാഗത്തേക്ക് മഫ്തിയിൽവന്ന പൊലീസുകാരോട് വാഹനത്തിന്റെ അമിതവേഗത കുറയ്ക്കാൻ നെസ്റ്റൺ ആംഗ്യം കാട്ടിയതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |