തിരുവനന്തപുരം: ആദ്യകാല ഗായികയും നടിയും പ്രമുഖ ആകാശവാണി കലാകാരിയുമായിരുന്ന സി.എസ്.രാധാദേവി (94) അന്തരിച്ചു.. തിരുവനന്തപുരം പുളിമൂട് ഉപ്പളം റോഡ് യു.ആർ.ആർ.എ 75ലായിരുന്നു താമസം. രണ്ട് ദിവസമായി രോഗബാധിതയായിരുന്നു.. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അന്ത്യം. സംസ്കാരം പുത്തൻകോട്ട ശ്മശാനത്തിൽ നടത്തി. ഭർത്താവ് പരേതനായ നാരായണൻ നായർ. മകൻ: നന്ദഗോപൻ (റിട്ട. കയർഫെഡ്). മരുമകൾ: ലക്ഷ്മി. പേരക്കുട്ടി: അശ്വതി.
1931ൽ വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകളായി ജനനം. 13-ാം വയസിൽ ടി.എൻ.ഗോപിനാഥൻ നായരുടെ 'പരിവർത്തനം" എന്ന നാടകത്തിലൂടെയായിരുന്നു രാധാദേവിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. എൻ.കൃഷ്ണപിള്ള, പി.കെ.വിക്രമൻ നായർ, ഇന്ദിര ജോസഫ്, പ്രൊഫ.ആനന്ദക്കുട്ടൻ തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. സ്ത്രീകൾ കലാരംഗത്ത് പ്രവർത്തിക്കുന്നതിൽ തടസമുണ്ടായിരുന്ന കാലത്ത് സിനിമയിൽ ബാലതാരമായി സി.എസ്.രാധാദേവി എത്തിയത് ബന്ധുവായ തിക്കുറിശ്ശി സുകുമാരൻ നായർ നിമിത്തമാണ്.. 1944ൽ യാചകമോഹിനി, അംബികാപതി (തമിഴ്) എന്നി സിനിമകളിൽ ബാലനടിയായി. പിന്നീട് ചില സിനിമകളിൽ സഹനായികയായി. സഹോദരി കണ്ണമ്മയും ആദ്യകാലത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് രംഗത്തു സജീവമായ രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശബ്ദം നൽകി.
കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്ന തിരുനയിനാർകുറിച്ചി മാധവൻ നായരാണ് പിന്നണി ഗാനരംഗത്തെത്തിച്ചത്. ട്രാവൻകൂർ റേഡിയോ നിലയത്തിൽ 1942ൽ സംഗീത നാടക പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. 1949ൽ ആകാശവാണി തുടങ്ങിയ കാലം മുതൽ സ്ഥിരം ആർട്ടിസ്റ്റായിരുന്നു. മലയാളം സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ച് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, കേരള സംഗീത നാടക അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |