
കൊച്ചി: തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും താൻ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ മിനി ടിബി. തളരാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മിനിയുടെ പ്രതികരണം.
ദിലീപായിരുന്നു ബലാത്സംഗം ചെയ്തതെങ്കിൽ കുഴപ്പമില്ല എന്ന് അഭിഭാഷക പറഞ്ഞെന്ന രീതിയിൽ ചിലയാളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ മിനി നേരത്തെ പ്രതികരിച്ചിരുന്നു. അത്തരം പ്രചാരണത്തിൽ യാതൊരു സത്യവുമില്ലെന്ന് അവർ വ്യക്തമാക്കി.
'ഇയാൾ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടർച്ചയായി ആണ് ഞാൻ ഇത് വിശദീകരിച്ചത്. വാക്കുകൾ അടർത്തി എടുത്ത് ആർമാദിക്കുന്നവരോട് സഹതാപം മാത്രം. 12 ാം തിയ്യതിക്ക് ശേഷം നമ്മൾ വിശദീകരിക്കും. ബലാത്സംഗം തന്നെ കുറ്റം ആണ്. ക്വട്ടേഷൻ കൊടുത്ത് ചെയ്യിക്കുമ്പോഴത് double rape ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്. ഞാൻ തന്നെയാണ് ആ പെൺകുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് ഞാൻ. അതിലപ്പുറം എന്റെ സഹോദരിയാണ്. എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഞാനതിൽ കുലുങ്ങില്ല. ക്രിമിനൽസിന്റെയല്ല കേരള സമൂഹം'- അഭിഭാഷക ഫേസ്ബുക്കിൽ കുറിച്ചു.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽവച്ചാണ് നടി ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു കേസിലെ വിധി. പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അഭിഭാഷകയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |