തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരുൾപ്പെട്ട സ്വർണക്കടത്ത്, ഹവാല, ബിനാമി ഇടപാടുകൾ തടയാൻ വിമാനത്താവളങ്ങൾക്ക് അകത്തു കയറിയുള്ള പരിശോധനയ്ക്ക് വിജിലൻസ് നീക്കം. ഇതിനായി വിജിലൻസ് ഉദ്യോഗസ്ഥർക്ക് പാസ് അനുവദിക്കണമെന്ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയോട് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്തിൽ ഒരുവിഭാഗം കസ്റ്റംസുകാർക്ക് പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്ത് കേസിൽ കേരളത്തിലും ഹരിയാനയിലും പഞ്ചാബിലും കസ്റ്റംസ് ഓഫീസുകളിലും ക്വാർട്ടേഴ്സുകളിലുമടക്കം ഒമ്പതിടങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്, കൊച്ചി കസ്റ്റംസ് ക്വാർട്ടേഴ്സുകളും ഓഫീസുകളും പരിശോധിച്ചു. വിജിലൻസ് കോടതിയുടെ വാറണ്ടോടെയും ഹരിയാന, പഞ്ചാബ് പൊലീസുകളുടെ സഹകരണത്തോടെയും നടത്തിയ റെയ്ഡുകളിൽ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിരുന്നു.
ഈ നടപടികളിൽ നീരസമറിയിച്ച് ചീഫ് കസ്റ്റംസ് കമ്മിഷണർ മനോജ് അറോറ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് കത്ത് നൽകിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്നും യോഗേഷ്ഗുപ്ത 'കേരളകൗമുദി'യോട് പറഞ്ഞു. സി.ഐ.എസ്.എഫ്, ആർ.പി.എഫ്, കേന്ദ്രബാങ്കുകൾ, ലേബർ, ജി.എസ്.ടി എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയും അഴിമതിക്കേസുകളെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിൽ
സി.ബി.ഐ പിന്മാറി
കസ്റ്റംസുകാരുടെ അഴിമതികൾ സി.ബി.ഐ പിടികൂടുമായിരുന്നു. പക്ഷേ, കേസെടുക്കാൻ സി.ബി.ഐയ്ക്ക് നൽകിയിരുന്ന പൊതുഅനുമതി കേരളം പിൻവലിച്ചതിനാൽ ഓരോ കേസിനും സർക്കാരിന്റെ അനുമതി തേടേണ്ടിവന്നു. സ്വർണക്കടത്ത് കൈയോടെ പിടിച്ചിട്ടും കരിപ്പൂരിലെ കസ്റ്റംസുകാർക്കെതിരെ കേസെടുക്കാനുള്ള അനുമതി കിട്ടിയില്ല. ഇതോടെ വിമാനത്താവളങ്ങളിലെ പരിശോധന സി.ബി.ഐ അവസാനിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അനുമതി തേടിയത്.
വഴിതുറന്നത് ഹൈക്കോടതി
കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ സി.ബി.ഐയോ കേന്ദ്രഏജൻസികളോ അന്വേഷിക്കുന്നതായിരുന്നു പതിവ്. ഇവർക്കെതിരെ കേസെടുക്കാനും കുറ്റപത്രം നൽകാനും വിജിലൻസിനും അധികാരമുണ്ടെന്ന് 2023 ആഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രജീവനക്കാർ സംസ്ഥാനത്ത് നടത്തുന്ന അഴിമതികളുടെ അന്വേഷണവും വിജിലൻസിന്റെ ചുമതലകളിൽ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കസ്റ്റംസ് കാണാതെപോയ
സ്വർണവും ഹവാലയും
147.78 കിലോഗ്രാം സ്വർണമാണ് അഞ്ചുവർഷത്തിനിടെ പൊലീസ് പിടികൂടിയത്. എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തെത്തിച്ചതാണിത്. 188കേസുമെടുത്തു. 15 കോടി ഹവാലപ്പണവും പിടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |