പത്തനംതിട്ട: കോന്നി ആനക്കൊട്ടിലിലെ അപകടത്തിൽ നാല് വയസുകാരൻ മരിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്. കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഇന്ന് റിപ്പോർട്ട് നൽകും. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും.
അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തലയിൽ ആന്തരിക രക്തസ്രാവമുണ്ടായി. നെറ്റിയിലും തലയുടെ പുറകിലുമുള്ള പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടർന്ന് ഫോട്ടോയെടുക്കാനായി തൂണിൽ പിടിച്ച് കളിച്ചപ്പോഴാണ് തൂൺ കുട്ടിയുടെ ദേഹത്തേക്കു വീണത്. ആനത്താവള സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |