തിരുവനന്തപുരം: പുതിയ നിബന്ധനകൾ നടപ്പാക്കുന്നതിലെ പിടിവാശി മോട്ടോർ വാഹനവകുപ്പ് മാറ്റിയപ്പോൾ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്നത് സുഗമമായി.
അപേക്ഷകർ കൂടുതലുള്ളിടത്ത് രണ്ട് ബാച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രതിദിനം 80 ടെസ്റ്റുകളും കുറവുള്ളിടത്ത് 40 ടെസ്റ്റുമാണ് നടക്കുന്നത്. ടെസ്റ്റിൽ ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ല, റോഡിലും മൈതാനത്തും മികച്ച രീതിയിൽ വണ്ടിയോടിക്കുന്നവർ മാത്രമാണ് പാസാകുന്നത്. 60% മുതൽ 70% വരെയാണ് ടെസ്റ്റിലെ വിജയനിരക്ക്.
ഡ്രൈവിംഗ് സ്‌കൂളുകളുടെ സംഘടനകൾ സമരം നടത്തുകയും സി.ഐ.ടി.യു ഉൾപ്പെടെ മന്ത്രി ഗണേശ്‌കുമാറിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്‌തതോടെയാണ് വകുപ്പ് അയഞ്ഞത്. സംഘടനകൾക്ക് നൽകിയ ഉറപ്പനുസരിച്ചാണ് ജൂൺ 27 മുതൽ ടെസ്റ്റ് നടക്കുന്നത്.
നടപ്പിലാക്കിയ മാറ്റങ്ങൾ
1.ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്ന പഠിതാക്കളെ ഇൻസ്ട്രക്ടർമാർ തന്നെ ടെസ്റ്റ് ഗ്രൗണ്ടിലെത്തിക്കണമെന്ന നിബന്ധന പിൻവലിച്ചു. പകരം ഇൻസ്ട്രക്ടർമാർ ഡ്രൈവിംഗ് സ്‌കൂളിലുണ്ടാകണമെന്ന് വ്യവസ്ഥ ചെയ്‌തു.
2.അപേക്ഷകർ 3000ത്തിൽ കൂടുതലുണ്ടെങ്കിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന്
ഒരു യൂണിറ്റ് കൂടി അനുവദിച്ച് ടെസ്റ്റ് നടത്തും. നേരത്തെ ഒരു യൂണിറ്റ് മാത്രമായിരുന്നു.
3.പഠിപ്പിക്കുന്ന വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി.
15 ആക്കി നിജപ്പെടുത്തണമെന്നായിരുന്നു ആദ്യ ഉത്തരവ്.
ഡ്രൈവിംഗ് സ്‌കൂൾ
ജീവനക്കാർക്ക് പ്രത്യേക ടെസ്റ്റ്
അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരുടെ കുറവ് കണക്കിലെടുത്ത് അഞ്ചുവർഷത്തിൽ കൂടുതൽ പരിശീലന പരിചയമുള്ള ഡ്രൈവിംഗ് സ്കൂളുകളിലെ ജീവനക്കാർക്ക് പ്രത്യേക ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകാനും ഇവരെ ഇൻസ്ട്രക്ടർമാരായി പരിഗണിക്കാനും തീരുമാനിച്ചിരുന്നെങ്കിലും പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിച്ചിട്ടില്ല. ഇത്തരം പരിശീലനത്തിനുള്ള ഫീസ് 3000 രൂപയായിരുന്നത് മൂന്നുമാസം മുമ്പ് 37,500 രൂപയായി വർദ്ധിപ്പിച്ചു. ഇത് 10,000 രൂപയ്‌ക്ക് താഴെയാക്കുമെന്ന് മന്ത്രി ഗണേശ്‌കുമാർ സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |