തിരുവനന്തപുരം: കാശ്മീർ ഭീകരാക്രമണത്തെ മതാടിസ്ഥാനത്തിൽ ജനത്തെ ഭിന്നിപ്പിക്കാനുള്ള ഉപാധിയാക്കരുതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. സംഭവത്തെ സി.പി.ഐ അതിശക്തമായി അപലപിക്കുകയാണ്. അയൽ രാജ്യങ്ങളുമായുള്ള സൗഹൃദം ഇല്ലാതാവാനും സംഘർഷാവസ്ഥ വർദ്ധിക്കാനും ഇത് കാരണമാവരുതെന്നാണ് സി.പി.ഐയ്ക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭീകരാക്രമണം എങ്ങനെ ഉണ്ടായിയെന്ന് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം. ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ലാത്തതാണിത്. കാശ്മീരിലെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിറുത്തുകയെന്നത് ഏറ്റവും പ്രധാനമാണ്. ആക്രമണത്തിന്റെ പേരിൽ ഒരു പ്രത്യേകവിഭാഗത്തെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളും തടയേണ്ടതാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ തുടരേണ്ടത് സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ആവശ്യമാണ്. വർഗീയ ഫാസിസ്റ്ര് ശക്തികൾക്കെതിരെ സന്ധിയില്ലാതെ പോരാടുന്നത് ഇടതുപക്ഷമാണ്.
രാജ്യത്തെയും ഭരണഘടനയെയും എങ്ങനെ സംരക്ഷിച്ച് നിറുത്തുകയെന്നതാണ് സെപ്തംബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുക. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സി.പി.ഐ ദേശീയ കൗൺസിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ച ചെയ്തു. ജൂലായിൽ ഡൽഹിയിൽ ചേരുന്ന ദേശീയ കൗൺസിൽ യോഗം ഇതിന് അന്തിമരൂപം നൽകുമെന്നും രാജ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി.ആർ.അനിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |