തിരുവനന്തപുരം: ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി.എസ് നാരായണനെ വേറിട്ടു നിറുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്.
ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്.
ഒരു ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം ചരിത്രരചനയെ സങ്കുചിത താത്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദ്ദത്തെ ശക്തമായി ചെറുത്തുകൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. ചരിത്രത്തെ സങ്കുചിത താത്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |