'രക്ഷിക്കേണ്ട കൈകൾ കൊണ്ട് ശിക്ഷിക്കുന്ന' അതിക്രൂരമായ കസ്റ്റോഡിയൽ മർദ്ദനമാണ് തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രണ്ടുവർഷം മുമ്പുനടന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന പൗരാവകാശബോധവും ജനാധിപത്യമൂല്യങ്ങളും പുലർത്തുന്ന കേരളത്തിൽ ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം അപലപനീയമാണ്. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണേണ്ടവരാണ് പൊലീസുകാർ. ഇവിടെ മർദ്ദനമേറ്റത് ഒരു പൊതുപ്രവർത്തകനാണ്. അയാൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതുമാണ്.
ഈ വിഷയത്തിൽ വകുപ്പുതലത്തിൽ അച്ചടക്കനടപടി സ്വീകരിച്ചതായി പറഞ്ഞുകേൾക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെളിവ് സി.സി ടിവി ദൃശ്യങ്ങൾ തന്നെയാണ്. പൊതുസമൂഹം ഇന്നലെ കണ്ട ദൃശ്യങ്ങൾ അച്ചടക്കലംഘനം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരത്തെ തന്നെ ലഭ്യമായിരുന്നു. സംഭവത്തിന്റെ ഭീകരത മനസിലായിട്ടാണ് ദൃശ്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കാത്തതെങ്കിൽ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ അവരുടെ സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള നടപടി ഉണ്ടായിട്ടുണ്ടെന്ന് കരുതാൻ നിർവാഹമില്ല. നിവൃത്തിയില്ലാതെ നടപടിയെടുത്തു എന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവരും. പൊതുനിരത്തിൽ ഗുണ്ടായിസം കാണിക്കുന്ന ഒരാളെ ഇത്തരത്തിൽ നേരിടേണ്ടിവന്നാൽ ആ പശ്ചാത്തലത്തെ ന്യായീകരിക്കാം. എന്നാൽ കസ്റ്റഡിയിൽ നിസഹായനായ ഒരു മനുഷ്യനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് വികലമായ കാഴ്ചപ്പാടെന്നേ പറയാനാവൂ. സാഡിസം വ്യക്തിത്വത്തിൽ ഉള്ളവർക്കേ അങ്ങനെ പ്രവർത്തിക്കാനാവൂ. അല്ലെങ്കിൽ അവർ ഭീരുക്കളാകും. ഒരിക്കലും ധീരോദാത്തമായ നടപടിയല്ല അത്.
പൊലീസുകാരുടെ തെറ്റായ പ്രവണത ഒഴിവാക്കുന്നതിനാണ് സ്റ്റേഷനുകളിൽ സി.സി ടിവി സ്ഥാപിച്ചത്. സ്റ്റേഷനിൽ സി.സി ടിവി ഉണ്ടെന്നും അത് മേലുദ്യോഗസ്ഥർക്ക് പരിശോധിക്കാമെന്നും പൊലീസുകാർക്കുതന്നെ അറിയാം. അങ്ങനെയിരിക്കെ ഇത്രയും ക്രിമിനൽ സ്വഭാവത്തോടെ മർദ്ദിച്ചിട്ടും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന ധൈര്യം പൊലീസുകാർക്ക് എങ്ങനെ ഉണ്ടായിയെന്നത് എന്നെ അസ്വസ്ഥനാക്കുന്നു.
നിയമം ഇല്ലാത്തതോ
നടപ്പിലാക്കാത്തതോ?
രാജ്യത്തിനുതന്നെ മാതൃകയായൊരു പൊലീസ് നിയമമാണ് 2011ൽ സർക്കാർ കൊണ്ടുവന്നത്. അതിന്റെ കരട് നിർമ്മാണക്കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. ഇത്തരം ദുഷ്പ്രവണതകൾ തടയുന്നതിനുള്ള ധാരാളം വ്യവസ്ഥകൾ അതിൽ ഉൾക്കൊള്ളുന്നു. കമ്മ്യൂണിറ്റി പൊലീസിംഗിന് ആ നിയമത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മത്സരപ്പരീക്ഷകളിലൂടെ മെച്ചപ്പെട്ട അറിവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരെയാണ് സേനയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.
യൂണിഫോം ധരിക്കുന്ന അച്ചടക്കമുള്ളൊരു പൊലീസുകാരന്റെ മുഖ്യ ആയുധം നിയമമാണ്. എത്ര മികവുറ്റ സംവിധാനങ്ങളായാലും അവ നടപ്പിലാക്കേണ്ടത് മനുഷ്യരാണ്. പൊലീസുകാർക്ക് ജനാധിപത്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന വകതിരിവില്ലെങ്കിൽ സംവിധാനം പരാജയപ്പെടും. ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവരുടെ മൂല്യബോധം അതിന്റെ പരിണിതഫലത്തെ ബാധിക്കുമെന്ന ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറിന്റെ വാക്കുകൾ ഇതുമായി കൂട്ടിവായിക്കണം. അതിനാൽ ഇത്തരം സംഭവങ്ങൾ പരിശീലനത്തിന്റെ കുറവോ നിയമത്തിന്റെ അഭാവമോ അല്ല.
നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന ബോദ്ധ്യം അവർക്കുണ്ടാവണം. അതിന് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. സി.സി ടിവി ദൃശ്യങ്ങൾ എത്രത്തോളം പരിശോധിച്ചു,തെളിവുകൾ വിലയിരുത്തിയോ, അവ തൃപ്തികരമാണോ എന്നിവയെല്ലാം പരിശോധിക്കണം. നിർദ്ദേശങ്ങളും സർക്കുലറുകളും മാത്രം കൊണ്ട് കാര്യമില്ല.
വരും തലമുറയ്ക്കായി
സാധാരണക്കാരെ ഉപദ്രവിക്കുന്ന പൊലീസുകാരും അവരോട് മൃദുസമീപനം സ്വീകരിക്കുന്ന മേലുദ്യോഗസ്ഥരും ഓർക്കേണ്ട ഒന്നുണ്ട്. നാളെ നിങ്ങളുടെ മകനോ മകളോ അല്ലെങ്കിൽ വേണ്ടപ്പെട്ട ആരെങ്കിലുമോ കസ്റ്റഡിയിൽ ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടിവന്നേക്കാം. കേരള പൊലീസ് ആക്ട് നിർമ്മിച്ചപ്പോൾ ഞങ്ങളും ചിന്തിച്ചത് അക്കാര്യമാണ്. വരും തലമുറയ്ക്കും ഉതകുന്നതാകണം നിയമം. അതിന് ആവശ്യമുള്ളത് ചെയ്യുന്നുണ്ടോയെന്ന് ഓരോ ഉദ്യോഗസ്ഥനും സ്വയം ചോദിക്കണം.
(മുൻ ഡി.ജി.പിയാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |