തിരുവനന്തപുരം: ദീർഘകാലം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടറും ആരോഗ്യ സർവകലാശാല പ്രഥമ വൈസ് ചാൻസലറുമായിരുന്ന ഡോ.കെ. മോഹൻദാസ് (81) അന്തരിച്ചു. ഇന്നലെ വൈകിട്ട് 3.45ന് ബംഗളൂരുവിലായിരുന്നു അന്ത്യം.
ഭൗതികദേഹം ഇന്നുരാവിലെ 8ന് തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ 9 മുതൽ 11 വരെ ശ്രീചിത്രയിലെ അച്യുതമേനോൻ സെന്ററിൽ പൊതുദർശനം. തുടർന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയായ ശ്രീകാര്യം മൺവിള പരുത്തിക്കുന്ന് പി.ആർ.എ 202 'മിറ'യിൽ കൊണ്ടുപോകും. വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം.
ഗൈനക്കോളജിസ്റ്റായ (യു.എ.ഇ) ഡോ.ഇന്ദിരയാണ് ഭാര്യ. മക്കൾ: ഡോ.രാധിക റാം മനോഹർ (ന്യൂറോളജിസ്റ്റ്, ബംഗളൂരു), ഡോ.അരവിന്ദ് നാരായൺ മോഹൻദാസ് (ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, യു.എസ്.എ). മരുമക്കൾ: ഡോ.റാം മനോഹർ (എമർജൻസി ഫിസിഷ്യൻ, ബംഗളൂരു), ഡോ.ദീപിക (കാർഡിയോളജിസ്റ്റ്, യു.എസ്.എ).
അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്രീസിന്റെ പ്രസിഡന്റായിരുന്നു മോഹൻദാസ്. കോമൺവെൽത്ത് അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റീസിന്റെ അദ്ധ്യക്ഷനായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും മൈസൂർ മെഡിക്കൽ കോളേജിലുമായിരുന്നു വൈദ്യപഠനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫാക്കൽറ്രിയായ ശേഷം ശ്രീചിത്രയിൽ അസി. പ്രൊഫസറായി ചേർന്നു.
1976ൽ ശ്രീചിത്രയിൽ നടത്തിയ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയിൽ ചീഫ് അനസ്തെറ്റിസ്റ്റ് ആയിരുന്നു. ഒരു പതിറ്റാണ്ടിലേറെ ശ്രീചിത്രയിലെ അനസ്തീഷ്യ വിഭാഗത്തിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായി. 1993ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനായും 1994ൽ ശ്രീചിത്രയുടെ ഡയറക്ടറായും നിയമിതനായി. ഡയറക്ടറായി പ്രവർത്തിച്ച കാലത്ത് സമഗ്ര എപ്പിലെപ്സി സെന്റർ, മൂവ്‌മെന്റ് ഡിസോർഡർസ് സെന്റർ, എം.പി.എച്ച് കോഴ്സ് തുടങ്ങിയ പൊതുആരോഗ്യ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
മൂന്നുവട്ടം ശ്രീചിത്രാ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായിരുന്നു. 2009 ജൂലായിലാണ് ഡയറക്ടർ പദവിയൊഴിഞ്ഞത്. 2009 ഡിസംബറിൽ ആരോഗ്യസർവകലാശാല വി.സിയായി. അക്കാഡമിക്, പ്രൊഫഷണൽ മികവിന് യു.കെയിലെ റോയൽ കോളേജ് അദ്ദേഹത്തിന് ഫെലോഷിപ്പ് നൽകി ആദരിച്ചു. ഇത് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.
ഇന്ന് അവധി
ഡോ.കെ. മോഹൻദാസിന്റെ നിര്യാണത്തെ തുടർന്ന് ആരോഗ്യ സർവകലാശാലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷ ഒഴികെ എല്ലാ പരിപാടികളും മാറ്റിവച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |