ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു പിന്നാലെ ഏക സഹോദരി ആഴിക്കുട്ടിയും യാത്രയായി. പുന്നപ്ര വടക്ക് വെന്തലത്തറയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ആഴിക്കുട്ടി (95) ബുധനാഴ്ച രാത്രിയാണ് വിടവാങ്ങിയത്. ശാരീരിക അവശതകളെ തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. 12വർഷം മുമ്പ് മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. മറ്റൊരു മകളായ തങ്കമണി ഭർത്താവ് വിശ്വംഭരനൊപ്പം ചേർത്തലയിലാണ് താമസം.
വി.എസും സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും പിറന്ന പുന്നപ്ര പറവൂരിലെ വെന്തലത്തറ വീട്ടിലായിരുന്നു ആഴിക്കുട്ടിയുടെയും താമസം. വി.എസ് പിന്നീട് പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മാറി. വി.എസ് അന്തരിച്ച് മൂന്നുമാസമാകുമ്പോഴാണ് കൂടെപ്പിറപ്പുകളിൽ അവസാനത്തെയാളായ ആഴിക്കുട്ടിയും യാത്രയായത്. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട വി.എസിന്, ഏറ്റവും ഇളയ ആഴിക്കുട്ടിയോട് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. അണ്ണനെന്നായിരുന്നു വി.എസിനെ വിളിച്ചിരുന്നത്. പാർട്ടിയിലും രാഷ്ട്രീയത്തിലും അതികായനായപ്പോഴും ആഴിക്കുട്ടിയെ കാണാൻ വി.എസ് എത്തിയിരുന്നു.
കവിതയായ 'പൊൻമകളുണ്ണി"
മാതാപിതാക്കൾ മരിച്ച ശേഷം വി.എസും ജ്യേഷ്ഠസഹോദരൻ ഗംഗാധരനും വളരെ കഷ്ടപ്പെട്ടാണ് ഇളയ സഹോദരങ്ങളെ വളർത്തിയത്. ഈ കഷ്ടപ്പാട് കവിതയ്ക്കും വിഷയമായിട്ടുണ്ട്. നാട്ടുകാരനായ കേശവനാണ് 'ആഴിക്കുട്ടിയാം പൊൻമകളുണ്ണിയെ ഈ വയസിൽ വളർത്തേണ്ടതിങ്ങനെ'യെന്ന കവിതയെഴുതിയത്. പ്രായം ഓർമ്മയെ തളർത്തുന്നതുവരെ വി.എസിനെക്കുറിച്ച് പറയുമ്പോഴെല്ലാം ആഴിക്കുട്ടി ഉരുവിട്ടിരുന്ന വരികളായി ഇത് പിന്നീട് മാറി.
മുടങ്ങാത്ത ഓണക്കോടി
ഏതു തിരക്കിനിടയിലും തിരുവോണ നാളിൽ കുടുംബസമേതം സദ്യ ഉണ്ണാൻ വേലിക്കകത്ത് വീട്ടിലെത്തിയിരുന്ന വി.എസ് ആഴിക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കുമായിരുന്നു. വി.എസ് കിടപ്പിലാകുന്നതിനു തൊട്ടുമുമ്പ് 2019 ലെ ഓണത്തിനാണ് ആഴിക്കുട്ടിയെ നേരിൽ കാണാൻ അദ്ദേഹം ഒടുവിൽ വേലിക്കകത്തെത്തിയത്. പതിവുപോലെ ഓണക്കോടി സമ്മാനിച്ചായിരുന്നു മടക്കം. പിന്നീട് അസുഖം കാരണം വി.എസിന്റെ വരവ് മുടങ്ങിയെങ്കിലും ആഴിക്കുട്ടിക്കുള്ള ഓണക്കോടി മുടങ്ങിയിരുന്നില്ല.
ഓർമ്മ നിറയെ പോരാട്ടവീര്യം
അണ്ണന്റെ പോരാട്ടവീര്യം പറയാൻ ആഴിക്കുട്ടിക്ക് ആയിരം നാവായിരുന്നു. ഒളിവ് ജീവിതത്തിനിടയിലും ആഴിക്കുട്ടിയെ കാണാൻ വി.എസ് രഹസ്യമായി എത്തിയ കാര്യം ആവർത്തിച്ച് പറയുമായിരുന്നു. ഒരു സന്ധ്യയ്ക്കാണ് വി.എസ് എത്തിയത്. പിന്നാലെ പൊലീസുമെത്തി. തുടർന്ന് വീടിന്റെ പിന്നിലൂടെ വള്ളത്തിൽ കയറ്റി വി.എസിനെ രക്ഷപ്പെടുത്തിയത് ആഴിക്കുട്ടി പിൻമുറക്കാരോട് പറയുമായിരുന്നു.
പിന്നീട് പൊലീസിന്റെ പിടിയിലായി കൊടിയമർദ്ദനമേറ്റ വി.എസ് രണ്ട് വർഷത്തിനുശേഷം മുറിപ്പാടുകളുമായെത്തിയപ്പോൾ ''ഇത് മതിയാക്കിക്കൂടെ''എന്ന ആഴിക്കുട്ടിയുടെ ചോദ്യത്തിന് ''നിനക്ക് വേറെയും രണ്ട് അണ്ണൻമാരുണ്ടല്ലോ'' എന്നായിരുന്നു മറുപടി.
കിടപ്പിലാകുംവരെ ആഴിക്കുട്ടിക്ക് അണ്ണന്റെ വിശേഷങ്ങൾ എന്നും അറിയണമായിരുന്നു. മരുമകനായ പരമേശ്വരനെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് വി.എസിന്റെ മകൻ അരുൺകുമാറിൽ നിന്നായിരുന്നു വിവരങ്ങൾ അറിഞ്ഞിരുന്നത്. വി.എസ് ആശുപത്രിയിലാണെന്ന വിവരം ആഴിക്കുട്ടിയെ അറിയിച്ചിരുന്നില്ല. വി.എസ് മരിച്ചപ്പോൾ ബന്ധുക്കൾ അറിയിച്ചെങ്കിലും ഓർമ്മ മങ്ങിത്തുടങ്ങിയതിനാൽ ആഴിക്കുട്ടിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |