തൃശൂർ: കസ്റ്റഡി മർദ്ദനമടക്കമുള്ള സംഭവങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ സി.സി ടിവി സ്ഥാപിക്കാതെ സംസ്ഥാനത്തുള്ളത് 28 പൊലീസ് സ്റ്റേഷനുകൾ. സുപ്രീംകോടതി നിർദ്ദേശപ്രകാരം 518 സ്റ്റേഷനുകളിൽ സ്ഥാപിച്ചു. രണ്ടിടത്ത് വർക്ക് ഓർഡർ നൽകിയെങ്കിലും പൂർത്തിയായിട്ടില്ല. 28 സ്റ്റേഷനുകളാണ് ശേഷിക്കുന്നത്. എന്നാൽ, ഇത് ഏതൊക്കെയാണെന്ന് സുരക്ഷാകാരണങ്ങളാൽ തത്കാലം വിവരം നൽകാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മറുപടി.
ഇവിടങ്ങളിലും ക്യാമറ സ്ഥാപിക്കാൻ നടപടിയായിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇതിനായി പൊലീസ് കമ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി പൊലീസ് മർദ്ദിച്ചത് വിവാദമായതിന് പിന്നാലെയാണ് 28 സ്റ്റേഷനുകളിൽ ക്യാമറ ഇല്ലാത്ത വിവരവും പുറത്തുവന്നത്. സ്റ്റേഷനുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ളത് സുപ്രീംകോടതി നിഷ്‌കർഷിച്ചിട്ടുള്ള നിർദ്ദിഷ്ട സ്ഥലങ്ങളിലാണെന്നും വിവരാവകാശ മറുപടിയിലുണ്ട്.
നിരീക്ഷണത്തിന് സമിതി
1. സ്റ്റേഷനുകളിലെ ക്യാമറകൾ നിരീക്ഷിക്കാൻ ജില്ലാതല മേൽനോട്ട സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. ടെലികമ്മ്യൂണിക്കേഷൻ എസ്.പിയാണ് നോഡൽ ഓഫീസർ
2. മർദ്ദനം പോലുള്ള അസ്വാഭാവിക ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഓഫീസർക്ക് വിവരം കൈമാറണമെന്നാണ് നിർദ്ദേശം
ഡാറ്റ ബാക്കപ്പ് 18 മാസം
സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറകളിലെ ഡാറ്റകൾക്ക് 18 മാസത്തെ ബാക്കപ്പേ ലഭിക്കൂ. അതുകഴിഞ്ഞുള്ള ഡാറ്റകൾ ലഭിക്കില്ല. അത്തരം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |