
കൊച്ചി: പട്ടികജാതിക്കാരനായ പൂജാരി ജോലിക്ക് കയറി മൂന്നാം മാസം ജാതി അധിക്ഷേപത്തെ തുടർന്ന് രാജി വച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പറവൂർ അസി. കമ്മിഷണർക്കും മേൽശാന്തിക്കുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. അസി. കമ്മിഷണർ സുജാത ഉദയൻ, സി.പി.എം അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് കോൺഫെഡറേഷന്റെ മുൻ സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണൻ എന്ത്രാന്തിരി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. നാലമ്പലങ്ങളിലൊന്നായ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലെ മേൽശാന്തിയാണിപ്പോൾ കൃഷ്ണൻ എന്ത്രാന്തിരി .
പറവൂർ തിരുവാലൂർ വാതുറക്കാവ് ഭഗവതിക്ഷേത്ര പൂജാരി നീറിക്കോട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു (23) ഫെബ്രുവരി 5ന് സമർപ്പിച്ച പരാതിയിലാണ് ഒരു മാസത്തിന് ശേഷം കേസെടുത്തത്.വാതുറക്കാവ് ക്ഷേത്രത്തിൽ സ്ഥിരനിയമം ലഭിക്കുന്നതിന് രണ്ടു വർഷം മുമ്പ് ജോലി ചെയ്ത തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ നേരിട്ട ജാതി അധിക്ഷേപത്തിനെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ വിഷ്ണുവിന് ഉദ്യോഗസ്ഥരുടെ ഭീഷണിയുണ്ടായിരുന്നു. വിഷ്ണു മുനമ്പം ഡിവൈ.എസ്.പിക്ക് നൽകിയ പരാതി പറവൂർ സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പായെങ്കിലും പിന്നാലെ യൂണിയൻ പ്രതികാരം തുടങ്ങി. അംഗത്വ ഫീസ് മടക്കി നൽകി. യൂണിയൻ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി.
വിഷ്ണു നേരിട്ട പീഡനങ്ങളെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ദേശീയ പട്ടികജാതി കമ്മിഷൻ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം സ്വമേധയാ കേസെടുത്തിരുന്നു. സ്വീകരിച്ച നടപടികൾ അഞ്ചു ദിവസത്തിനകം അറിയിക്കാൻ സംസ്ഥാന ദേവസ്വം സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. തുടർന്നാണ് പറവൂർ പൊലീസ് നടപടികളിലേക്ക് കടന്നത്. കേസ് മുനമ്പം ഡിവൈ.എസ്.പി അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |